നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു.
ഹൈദരാബാദ്: ഇന്ത്യൻ ടീമിൽ നിന്ന് തുടര്‍ച്ചയായി അവഗണന നേരിടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സെഞ്ചുറിയുമായി മുംബൈ താരം സര്‍ഫറാസ് ഖാന്‍. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരായ മത്സരത്തിന്‍റെ ഒന്നാം ദിനം സർഫറാസ് ഖാന്‍റെയും സിദ്ധേഷ് ലാഡിന്‍റെയും ബാറ്റിംഗ് കരുത്തിൽ മുംബൈ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന മികച്ച നിലയിലെത്തി.142 റണ്‍സുമായി സര്‍ഫറാസും റണ്ണൊന്നുമെടുക്കാതെ ഹിമാന്‍ഷു സിംഗും ക്രീസില്‍. ആദ്യ ദിനം കളി നിര്‍ത്തുന്നതിന് തൊട്ടു മുമ്പ് സെഞ്ചുറി നേടിയ ക്യാപ്റ്റൻ സിദ്ദേശ് ലാഡിന്‍റെ(104) വിക്കറ്റ് മുംബൈക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ സര്‍ഫറാസ്-സിദ്ദേശ് ലാഡ് സഖ്യം 328 പന്തില്‍ 249 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു. രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെ പച്ചപ്പുള്ള പിച്ചിൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഹൈദരാബാദ് ബൗളർമാർ തുടക്കത്തിൽ ആധിപത്യം പുലർത്തി. ഓപ്പണർമാരായ അഖിൽ ഹെർവാദ്ക്കർ, ആകാശ് ആനന്ദ് എന്നിവർ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ രോഹിത് റായിഡുവും മുഹമ്മദ് സിറാജും ചേർന്ന് ഇവരെ പുറത്താക്കി. ആകാശ് ആനന്ദ്(35), മുഷീര്‍ ഖാന്‍(11), അഖിൽ ഹെർവാദ്ക്കർ(27) എന്നിവരെ നഷ്ടമായി ഒരു ഘട്ടത്തിൽ 82-3 എന്ന നിലയിൽ മുംബൈ പതറിയെങ്കിലും സര്‍ഫറാസ്-സിദ്ദേശ് ലാഡ് കൂട്ടുകെട്ട് മുംബൈയെ കരകയറ്റി.
സർഫറാസ് ഖാന്‍റെ ഇന്നിംഗ്സാണ് മത്സരത്തിന്‍റെ ഗതി മാറിയത്. ഏകദിന ഫോർമാറ്റിലെ തന്‍റെ ഫോം രഞ്ജിയിലും തുടർന്ന സർഫറാസ് കേവലം 65 പന്തിൽ അർദ്ധസെഞ്ചുറി തികച്ചു. വൈകാതെ തന്നെ തന്‍റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി സർഫറാസ് പൂർത്തിയാക്കി.129 പന്തുകളിൽ നിന്നായിരുന്നു സർഫറാസിന്‍റെ സെഞ്ചുറി. മറുഭാഗത്ത് സിദ്ധേഷ് ലാഡും സര്‍ഫറാസിന് മികച്ച പിന്തുണ നൽകി. മുഹമ്മദ് സിറാജിന്റെ പന്തിൽ സ്ലിപ്പിൽ ലഭിച്ച ലൈഫ് മുതലെടുത്ത ലാഡ് സീസണിലെ തന്‍റെ നാലാം സെഞ്ചുറി കുറിച്ചു.
അവസാന ഏഴ് മത്സരങ്ങളിൽ നിന്നായി 66 ശരാശരിയിൽ 329 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. വിജയ് ഹസാരെ ട്രോഫിയിൽ 157 റൺസ് എന്ന റെക്കോർഡ് സ്കോർ ഉൾപ്പെടെ 303 റൺസ് താരം നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്വപ്നതുല്യമായ ഫോമില്‍ തുടരുന്ന സര്‍ഫറാസിനെ ഇനിയും എത്രകാലം പുറത്തുനിര്‍ത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
