പരിക്കിൽ നിന്ന് മുക്തനാവാത്തതിനാൽ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹെയ്‌സൽവുഡിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. ഏപ്രിൽ പകുതിയോടെ താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു: ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തിരിച്ചടി. പരിക്കില്‍ നിന്ന് മുക്തനാവാത്ത ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡിന് സീസണിലെ ആദ്യമത്സരങ്ങള്‍ നഷ്ടമാവും. മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹെയ്‌സല്‍വുഡ് ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. നിലവിലെ സൂചനകള്‍ അനുസരിച്ച് ഏപ്രില്‍ പകുതിക്ക് ശേഷമേ ഓസീസ് താരം ആര്‍ സി ബി നിരയില്‍ എത്താന്‍ സാധ്യതയുള്ളൂ. ഇതേസമയം പാറ്റ് കമ്മിന്‍സിന്റെ പുറംവേദന ഭേദമായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആശ്വാസമാണ്.
ഹേസല്‍വുഡ് ടി20 ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ തിരിച്ചെത്തുമെന്ന് ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്കില്‍ മാറ്റമില്ലാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഈ മാസം 28ന് ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു - സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തോടെയാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. ഐപിഎല്‍ നിലവിലെ ചാമ്പ്യന്മാരാണ് ആര്‍സിബി. ഏപ്രിലില്‍ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ആദ്യ ഷെഡ്യൂള്‍ മാത്രമാണ് പുറത്തിറക്കിയത്.
തിരഞ്ഞെടുപ്പ് കാലയളവില്‍ മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനും യാത്രാ-താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് ഈ രീതിയില്‍ ഷെഡ്യൂള്‍ ക്രമീകരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം നടക്കും. സഞ്ജു സാംസണ്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 30ന് ആദ്യ മത്സരത്തിനിറങ്ങും. ഗുവാഹത്തിയില്‍, സഞ്ജുവിന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയുടെ എതിരാളി. സഞ്ജുവിനെ ഇന്ന് കാണുന്ന സഞ്ജുവാക്കിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്.
ഇത്തവണ ഐപിഎല്‍ താരലേലത്തിന് തൊട്ടുമുമ്പാണ് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. ട്രേഡിംഗിലൂടെയാണ് സഞ്ജു എത്തിയത്. പകരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവര്‍ രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. ചെന്നൈയുടെ ആദ്യ ഹോം മാച്ച് പഞ്ചാബ് കിംഗ്സിനെതിരെ ഏപ്രില്‍ മൂന്നിനാണ്.

