രാഘ്‌വി ബിസ്തിന്‍റെയും മലയാളി താരം ജോഷിതയുടെയും അർധസെഞ്ചുറികളും, മിന്നുമണി, ടിറ്റാസ് സാധു എന്നിവരുടെ പോരാട്ടവുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

ബ്രിസ്ബേന്‍: ഓസ്ട്രേലിയൻ വനിതാ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യൻ വനിതകള്‍ക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകള്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 299 റണ്‍സിന് ഓള്‍ ഔട്ടായി. വാലറ്റത്ത് അര്‍ധസെഞ്ചുറിയുമായി പൊരുതിയ മലയാളി താരം ജോഷിതയുടെയും മിന്നുമണിയുടെയും ടിറ്റാസ് സാധുവിന്‍റെയും പോരാട്ടവീര്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ഷഫാലി വര്‍മ(35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും നന്ദിനി കശ്യപ്(0), ധാര ഗുജ്ജാര്‍(0), തേജാല്‍ ഹസാബ്നിസ്(9) എന്നിവര്‍ മടങ്ങുമ്പോള്‍ ഇന്ത്യ 44-4 എന്ന സ്കോറില്‍ ബാറ്റിംഗ് തകര്‍ച്ചയിലായിരുന്നു. പിന്നീട് തനുശ്രീ സര്‍ക്കാർ(13), ക്യാപ്റ്റൻ രാധാ യാദവ്(33) എന്നിവരെ കൂട്ടുപിടിച്ച് രാഘ്‌വി ബിസ്ത്(93) ഇന്ത്യയെ 100 കടത്തി. രാധാ യാദവ് പുറത്താവുമ്പോൾ ഇന്ത്യൻ സ്കോര്‍ 133ൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. പിന്നീട് മലയാളി താരം മിന്നുമണിയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന രാഘ്‌വി ബിസ്ത് ഇന്ത്യയെ 200 കടത്തി. 89 പന്തുകള്‍ നേരിട്ട മിന്നുമണി നാലു ബൗണ്ടറികള്‍ പറത്തി 28 റണ്‍സെടുത്തു. രാഘ്‌വി ബിസ്തിനൊപ്പം 75 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും മിന്നുമണി പങ്കാളിയായി.

സ്കോര്‍ 211ല്‍ നില്‍ക്കെ രാഘ്‌വി ബിസ്ത് പുറത്തായി. പിന്നാലെ മിന്നുമണിയും വീണു. ഇതിനുശേഷമായിരുന്നു ടിറ്റാസ് സാധുവിനെ(23) കൂട്ടുപിടിച്ച് ജോഷിത പോരാട്ടം ഏറ്റെടുത്തത്. 72 പന്തില്‍ ഏഴ് ബൗണ്ടറി അടക്കം 51 റണ്‍സടിച്ച ജോഷിത-ടിറ്റാസ് സാധു സഖ്യം ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 75 റണ്‍സെടുത്തു. 23 റണ്‍സെടുത്ത സാധു പുറത്തായതിന് പിന്നാലെ ജോഷിതയെ വീഴ്ത്തി ഓസീസ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഓസ്ട്രേലിയക്കായി മൈറ്റ്‌‌ലാന്‍ ബ്രൗണും പ്രസ്റ്റ്‌വിഡ്ജും മൂന്ന് വിക്കറ്റ് വീഴത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക