ടീമിലെ കളിക്കാര്‍ എല്ലാവരുംകൂടി തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നാവും ലാംഗര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകുക.അത് ഒരര്‍ത്ഥത്തില്‍ ശരിയുമാണ്. അതാണ് ഏറ്റവും നിരാശാജനകമായ കാര്യമെന്നും ഖവാജ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലംഗറെ പിന്തുണച്ച് ഉസ്മാന്‍ ഖവാജ.ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ഓസ്ട്രേലിയയുടെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ലാംഗറുടെ രീതികള്‍ക്കെതിരെ ഒരു വിഭാഗം കളിക്കാര്‍ രംഗത്തെത്തിയിരിക്കെയാണ് ലാംഗര്‍ പരിശീലകനായിരിക്കുന്ന ഓസീസ് ടീമില്‍ കളിച്ചിട്ടുള്ള ഖവാജ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. മത്സരങ്ങള്‍ തോല്‍ക്കുന്പോള്‍ എല്ലായ്‌പ്പോഴും പരീശീലകനാവും ഉത്തരവാദിത്തമെന്നും വല്ലപ്പോഴുമെങ്കിലും കളിക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഖവാജ പറഞ്ഞു.

ടീമിലെ കളിക്കാര്‍ എല്ലാവരുംകൂടി തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നാവും ലാംഗര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകുക.അത് ഒരര്‍ത്ഥത്തില്‍ ശരിയുമാണ്. അതാണ് ഏറ്റവും നിരാശാജനകമായ കാര്യമെന്നും ഖവാജ പറഞ്ഞു. മത്സരങ്ങള്‍ തോല്‍ക്കുന്നതിന് എല്ലായ്‌പ്പോഴും പരിശീലകനെ കുറ്റം പറയാനാവില്ല. കളിക്കാരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. കളിയെ വളരെ വികാരപരമായി സമീപിക്കുന്ന ആളാണ് ലാംഗര്‍. ഓസീസ് ക്രിക്കറ്റിനോട് പ്രതിബദ്ധതയുള്ളയാള്‍. തന്റെ കൂഴില്‍ കളിക്കുന്നവരെല്ലാം ജയിച്ചു കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നേരായ മാര്‍ഗത്തിലൂടെ വിജയങ്ങള്‍ നേടാനാണ് അദ്ദേഹത്തിന്റെ പരിശ്രമം.

കളിയെ വികാരപരമായി സമീപിക്കുന്നു എന്നത് തന്നെയാകും അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി. ഓസീസ് ക്രിക്കറ്റിനെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്നൊരാള്‍ക്ക് കളിയെ വികാരപരമായെ സമീപിക്കാനാവു. അത് തന്നെയാണ് അദ്ദേഹത്തിനെതിരായ പരാതിക്ക് കാരണമെന്നത് നിരാശാജനകമാണെന്നും ഖവാജ പറഞ്ഞു.

ലാംഗറുടെ കോച്ചിംഗ് രീതികള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ചേരുന്നതല്ലെന്ന് ഒരുവിഭാഗം കളിക്കാര്‍ പരാതിപ്പെട്ടിരുന്നു. സ്റ്റീവ് സ്മിത്തിന് കീഴില്‍ പന്തു ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയമുഖം നല്‍കാനാണ് ഡാരന്‍ ലേമാന് പകരം ജസ്റ്റിന്‍ ലാംഗറെ പരിശീലകതനായി തെരഞ്ഞെടുത്തത്.