ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഹര്‍ഷിതിന്‍റെ ബൗളിംഗ് പ്രകടനം ആത്മവിശ്വാസമുള്ളൊരു ബൗളറുടെതായിരുന്നു. അവന്‍റെ പ്രകടനത്തില്‍ സന്തോഷമുണ്ട്.

ചെന്നൈ: പേസര്‍ ഹര്‍ഷിത് റാണക്കെതിരായ രൂക്ഷ വിമര്‍ശനത്തില്‍ മലക്കം മറിഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാരാചി ശ്രീകാന്ത്. കോച്ച് ഗൗതം ഗംഭീറിന്‍റെ 'യെസ് മാന്‍' ആയതിനാലാണ് മൂന്ന് ഫോര്‍മാറ്റിലും ഹര്‍ഷിതിന് ടീമിൽ ഇടം കിട്ടുന്നതെന്ന് ശ്രീകാന്ത് മുമ്പ് യുട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. ഇതിനെ ഗൗതം ഗംഭീര്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. യുട്യൂബില്‍ കാഴ്ചക്കാരെ കൂട്ടാന്‍ ചില മുന്‍താരങ്ങള്‍ യുവതാരങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി നാലു വിക്കറ്റുമായി തിളങ്ങിയ ഹര്‍ഷിത് റാണയുടെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് ശ്രീകാന്ത് പുതിയ വീഡിയോയില്‍ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഹര്‍ഷിതിന്‍റെ ബൗളിംഗ് പ്രകടനം ആത്മവിശ്വാസമുള്ളൊരു ബൗളറുടെതായിരുന്നു. അവന്‍റെ പ്രകടനത്തില്‍ സന്തോഷമുണ്ട്. ഞാന്‍ അവനെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ ആത്യന്തികമായി അവന്‍ മികച്ച പ്രകടനം നടത്തിയതില്‍ അതിയായ സന്തോഷമുണ്ട്. രണ്ടാം ഏകദിനത്തില്‍ ബാറ്റു കൊണ്ട് മികവ് കാട്ടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്തത് മൂന്നാം ഏകദിനത്തില്‍ അവന്‍റെ ബൗളിംഗിലും പ്രകടമായിരുന്നു. ഇത്തരത്തില്‍ പന്തെറിയുന്നത് തുടര്‍ന്നാല്‍ അവന്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളറായി മാറും.

ഒരു മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തുക എന്നത് അവനെ സംബന്ധിച്ച് വലിയ നേട്ടമാണ്. അതില്‍ മിച്ചല്‍ ഓവന്‍റെ വിക്കറ്റെടുത്തതാണ് എന്‍റെ ഫേവറൈറ്റ്. അത് മികച്ചൊരു പന്തായിരുന്നു. എഡ്ജ് ചെയ്ത പന്ത് രോഹിത് സ്ലിപ്പില്‍ മനോഹരമായി കൈയിലൊതുക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ മികച്ച ലൈനും ലെങ്ത്തും നിലനിര്‍ത്താനും അവനായി. ഒരുപാട് സ്ലോ ബോളുകളോ ഷോര്‍ട്ട് പിച്ച് പന്തുകളോ എറിയാതെ മത്സരത്തില്‍ അവന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിലെല്ലാം ഹര്‍ഷിതിനെ ഉള്‍പ്പെടുത്തുന്നതിനെതിരെ ആയിരുന്നു ശ്രീകാന്തിന്‍റെ വിമര്‍ശനം. ഇന്ത്യൻ പേസറായ മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിക്കാതിരുന്നപ്പോഴാണ് ഹര്‍ഷിതിനെ മൂന്ന് ഫോര്‍മാറ്റിലും ടീമിലേക്ക് പരിഗണിക്കുന്നത്.