ആദ്യ ഇന്നിംഗ്സില്‍ 57-5 എന്ന സ്കോറില്‍ തകര്‍ന്ന ശ്രീലങ്കയെ 202 റണ്‍സിലൂടെ കരകയറ്റിയത് മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നായിരുന്നു.
മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ ബാറ്റര്‍ കാമിന്ദു മെന്‍ഡിസ്. ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം ശ്രീലങ്കക്കായി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ കാമിന്ദു മെന്‍ഡിസ് ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സില്‍ 57-5 എന്ന സ്കോറില്‍ തകര്‍ന്ന ശ്രീലങ്കയെ 202 റണ്‍സിലൂടെ കരകയറ്റിയത് മെന്‍ഡിസും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നായിരുന്നു. 127 പന്തിലാണ് കാമിന്ദു മെന്‍ഡിസ് തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 102 റണ്‍സ് വീതമെടുത്ത ഇരുവരുടെയും സെഞ്ചുറികളുടെ കരുത്തില്‍ ശ്രീലങ്ക ആദ്യ ഇന്നിംഗ്സില്‍ 280 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സില്‍ 188 റണ്‍സിന് ഓള്‍ ഔട്ടായി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമല്ല, ഇത്തവണ ഐപിഎല്‍ ഫൈനലിന് വേദിയാവുക ചെന്നൈ
രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 113-5ലേക്ക് കൂപ്പുകുത്തിയെങ്കിലും ധനഞ്ജയ ഡിസില്‍വയും(108) കാമിന്ദു മെന്‍ഡിസും ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി വീണ്ടും ലങ്കയുടെ രക്ഷകരായി. രണ്ടാം ഇന്നിംഗ്സില്‍ കാമിന്ദു 237 പന്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ലങ്ക 418 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. കരുണരത്നെയാണ്(52) ലങ്കക്കായി തിളങ്ങിയ മറ്റൊരു ബാറ്റര്‍. 126-6ല്‍ ഒത്തുചേര്‍ന്ന ഇരുവരും 299 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 25കാരനായ കാമിന്ദുവിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റാണിത്.
511 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24-2 എന്ന നിലയിലാണ് ബംഗ്ലാദേശ്. എട്ട് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാന്‍ ഇനിയും 486 റണ്‍സ് വേണം.
