ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും ഇന്ത്യയുടെ വിരാട് കോലിയെയും പിന്നിലാക്കി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത്. 2020ലെ അവസാന റാങ്കിംഗിലാണ് വില്യംസണ്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്സ്മാനായത്. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

വില്യംസണ്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യക്കെതിരാ രണ്ട് ടെസ്റ്റിലും രണ്ടക്കം കടക്കാതിരുന്ന ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മാത്രം കളിച്ചശേഷം പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം സ്ഥാനം നിലനിര്‍ത്തി. അഡ്‌ലെയ്ഡ് ടെസ്റ്റിലെ അര്‍ധസെഞ്ചുറിയാണ് കോലിക്ക് തുണയായത്.

2015ലാണ് ഇതിന് മുമ്പ് വില്യംസണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിനുശേഷമുള്ള വര്‍ഷങ്ങളില്‍ വിരാട് കോലിയും സ്റ്റീവ് സ്മിത്തുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറി മാറി വന്നിരുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട സ്മിത്ത് മാറി നിന്ന കാലത്ത് കോലിയായിരുന്നു ഒന്നാം റാങ്കില്‍. ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് സ്മിത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

മെല്‍ബണ്‍ ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെ ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ അജിങ്ക്യാ രഹാനെ ബാറ്റിംഗ് റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ നാലാമതും പാക്കിസ്ഥാന്‍റെ ബാബര്‍ അസം അഞ്ചാമതുമാണ്.

ബൗളിംഗ് റാങ്കിംഗില്‍ ഓസീസിന്‍റെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നര്‍ മൂന്നാമതും ടിം സൗത്തി നാലാമതുമാണ്. ഓസീസിന്‍റെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടെ ആര്‍ അശ്വിനും രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ബെന്‍ സ്റ്റോക്സ് ഒന്നാമതും ജേസമ്‍ ഹോള്‍ഡര്‍ രണ്ടാമതും രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുമാണ്.