മുംബൈ: അണ്ടർ 19 ലോകകപ്പ് ഫൈനലിന് ശേഷം മോശമായി പെരുമാറിയ ഇന്ത്യൻ താരങ്ങൾക്കെതിരെ കടുത്ത വിമർശനമായി മുൻ ക്യാപ്റ്റൻമാരായ കപിൽദേവും മുഹമ്മദ് അസ്‌ഹറുദ്ദീനും. ഫൈനലിന് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ടീമുകളിലെ താരങ്ങൾ കയ്യേറ്റത്തിന് അടുത്തെത്തിയിരുന്നു. തുടർന്ന് രണ്ട് ഇന്ത്യൻ താരങ്ങൾക്കും മൂന്ന് ബംഗ്ലാദേശ് താരങ്ങൾക്കുമെതിരെ ഐസിസി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. 

പ്രശ്‌നത്തിൽ ബിസിസിഐ ശക്തമായി ഇടപെടണമെന്നും എതിരാളികളെ അപമാനിക്കുന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലെന്നും കപിൽ ദേവ് പറഞ്ഞു. ക്രിക്കറ്റിൽ ആക്രമണോത്സുകത നല്ലതാണെന്നും എന്നാൽ അതിന് ഒരു പരിധി ഉണ്ടെന്നും കപിൽ ദേവ് ഓർമിപ്പിച്ചു. മോശമായി പെരുമാറിയ താരങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും താരങ്ങളെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കുന്നതിൽ സപ്പോർട്ടിങ് സ്റ്റാഫിന്റെ റോൾ എന്താണെന്ന് പരിശോധിക്കണമെന്നും അസ്‌ഹർ പറഞ്ഞു.

താരങ്ങളുടെ പെരുമാറ്റം വിവാദമായതിന് പിന്നാലെ ഐസിസി നടപടി സ്വീകരിക്കുകയായിരുന്നു. ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ഷമിം ഹൊസൈന്‍, റാകിബുള്‍ ഹസന്‍ എന്നിവരെയാണ് പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 ലംഘിച്ചതിന് താക്കീത് ചെയ്തത്. ഇന്ത്യന്‍ താരങ്ങളായ ആകാശ് സിംഗ്, രവി ബിഷ്‌ണോയ് എന്നിവരെയും ഇതേ വകുപ്പുപ്രകാരം താക്കീത് ചെയ്തു. ഇതിനുപുറമെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിന് രവി ബിഷ്‌ണോയ്‌ക്കെതിരെ കുറ്റവും ചുമത്തിയിട്ടുമുണ്ട്.

ലോകകപ്പ് നേടിയതിന് പിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ ബംഗ്ലാതാരങ്ങള്‍ പ്രകോപനപരമായി ആഘോഷങ്ങള്‍ നടത്തുകയായിരുന്നു. അംപയര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബംഗ്ലാ താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യന്‍ നായകന്‍ പ്രിയം ഗാര്‍ഗ് മത്സരശേഷം വ്യക്തമാക്കിയിരുന്നു. പിന്നാലെ ബംഗ്ലാദേശ് നായകന്‍ അക്‌ബര്‍ അലി മാപ്പുചോദിച്ചിരുന്നു.