ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവ പേസര്‍ നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപില്‍ ദേവ്. ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതുകൊണ്ടല്ല സെയ്നിയെ ടീമിലുള്‍പ്പെടുത്തണമെന്ന് പറയുന്നതെന്നും വിക്കറ്റെടുക്കുന്ന ബൗളറെന്ന നിലയിലാണെന്നും കപില്‍ പറഞ്ഞു.

വിക്കറ്റെടുക്കാന്‍ കഴിവുള്ള ബൗളറെന്ന നിലയില്‍ സെയ്നി അന്തിമ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ബുമ്രയെ കരുതലോടെയാണ് കിവീസ് കളിക്കുന്നത്. കാരണം വിക്കറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. അതുപോലെയാണ് സെയ്നിയും. ഏത് ഘട്ടത്തിലും വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളറാണ്.

ടീം സെലക്ഷന്‍ ഒരിക്കലും ഇഷ്ടമോ ഇഷ്ടക്കേടോ അടിസ്ഥാനമാക്കിയാകരുത്. ടീമിന്റെ ആവശ്യം പരിഗണിച്ചായിരിക്കണം, ഏത് കോംബിനേഷനാണോ വിജയം കൊണ്ടുവരിക അത് മനസിലാക്കിയാകണമെന്നും കപില്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ കളിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 9.1 ഓവറില്‍ 80 റണ്‍സ് വഴങ്ങിയിരുന്നു. ഇതുവരെ ഇന്ത്യക്കായി ഒമ്പത് ഏകദിനങ്ങളില്‍ കളിച്ച ഷര്‍ദ്ദുല്‍ ഇതില്‍ ആറിലും ഓവറില്‍ ആറ് റണ്‍സിലേറെ വഴങ്ങുകയും ചെയ്തു. നാളെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഷര്‍ദ്ദുലിന് പകരം നവദീപ് സെയ്നി ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.