ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാടക ചാമ്പ്യന്‍മാര്‍. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 60 റണ്‍സിനായിരുന്നു കര്‍ണാടകയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 49.5 ഓവറില്‍ 252 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കര്‍ണാടക 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം മത്സരം നിര്‍ത്തിവെച്ചു.

പിന്നീട് വിജെഡി നിയമപ്രകാരം കര്‍ണാടകയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 55 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മായങ്ക് അഗര്‍വാളും 52 റണ്‍സുമായി പുറത്താകാതെ നിന്ന ലോകേഷ് രാഹുലുമാണ് കര്‍ണാടകയുടെ ജയം അനായാസമാക്കിയത്. സ്കോര്‍ തമിഴ്‌നാട് 49.5 ഓവറില്‍ 252ന് ഓള്‍ ഓട്ട്, കര്‍ണാടക 23 ഓവറില്‍ 146/1.

നാലാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ട്രോഫിയില്‍ കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനായി അഭിനവ് മുകുന്ദും(85), ബാബാ അപരാജിതും(66), വിജയ് ശങ്കറും(38) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് 11 റണ്‍സെടുത്ത് പുറത്തായി. അമ്പതാം ഓവറില്‍ ഹാട്രിക്ക് എടുത്ത അഭിമന്യു മിഥുനാണ് കര്‍ണാടകയ്ക്കായി ബൗളിംഗില്‍ തിളങ്ങിയത്. 34 റണ്‍സ് വഴങ്ങി മിഥുന്‍ അഞ്ച് വിക്കറ്റെടുത്തു.