ടോസ് നേടി ക്രീസിലിറങ്ങിയ കര്‍ണാടകക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. അഞ്ചാം ഓവറില്‍ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച് എം ഡി നിധീഷാണ് കര്‍ണാടകയെ ഞെട്ടിച്ചത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടകക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ കര്‍ണാടക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. 53 റണ്‍സുമായി കെ എല്‍ ശ്രീജിത്തും 32 റണ്‍സോടെ കരുണ്‍ നായരുമാണ് ക്രീസില്‍. എട്ട് റണ്‍സെടുത്ത കെ വി അനീഷിന്‍റെയും അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിന്‍റെയും വിക്കറ്റുകളാണ് കര്‍ണാടകക്ക് നഷ്ടമായത്. കേരളത്തിനായി എം ഡി നിധീഷും എൻ പി ബേസിലും ഓരോ വിക്കറ്റ് വീതമെടുത്തു.

തകര്‍ച്ചയോടെ തുടങ്ങി കര്‍ണാടക

ടോസ് നേടി ക്രീസിലിറങ്ങിയ കര്‍ണാടകക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. അഞ്ചാം ഓവറില്‍ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെ(5) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച് എം ഡി നിധീഷാണ് കര്‍ണാടകയെ ഞെട്ടിച്ചത്. തൊട്ടുപിന്നാലെ കെ വി അനീഷിനെ(8)യും അസറുദ്ദീന്‍റെ കൈകളിലെത്തിച്ച എന്‍ പി ബേസില്‍ കര്‍ണാടകടെ 13-2ലേക്ക് തള്ളിയിട്ട് കേരളത്തിന് ആശിച്ച തുടക്കം നല്‍കി. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം തിരിച്ചടിച്ച കര്‍ണാടക മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി തിരിച്ചടിച്ചു. അര്‍ധസെഞ്ചുറി നേടിയ ശ്രീജിത്തും കരുണ്‍ നായരുമാണ് കര്‍ണാടകയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്.

നേരത്തെ കേരളത്തിനെതിരെ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരമാണിത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങുന്നത്. കൃഷ്ണപ്രാസാദും രോഹന്‍ കുന്നുമ്മലും ഷോണ്‍ റോജറും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരച്ചെത്തി. കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഹരികൃഷ്ണനും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച വത്സല്‍ ഗോവിന്ദ്, അങ്കിത് ശര്‍മ, പരിക്കേറ്റ സല്‍മാന്‍ നിസാര്‍ എന്നിവര്‍ പുറത്തായി.

മഹാരാഷ്ട്രക്കെതിരായ ആദ്യ മത്സരത്തിലും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിലും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളത്തിന് സമനില നേടാനെ കഴിഞ്ഞിരുന്നുള്ളു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. എട്ട് ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് കേരളം. രണ്ട് കളികളില്‍ നിന്ന് നാലു പോയന്‍റുള്ള കര്‍ണാടക നാലാം സ്ഥാനത്താണ്.

കേരളം പ്ലേയിംഗ് ഇലവൻ: നെടുമൺകുഴി ബേസിൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (w/c), ബാബ അപരാജിത്ത്, അഹമ്മദ് ഇമ്രാൻ, കൃഷ്ണ പ്രസാദ്, ഹരികൃഷ്ണൻ എം യു, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ

കർണാടക പ്ലേയിംഗ് ഇലവൻ: മായങ്ക് അഗർവാൾ (സി), അനീഷ് കെ.വി, കൃഷ്ണൻ ശ്രീജിത്ത് (ഡബ്ല്യു), കരുണ് നായർ, സ്മരൺ രവിചന്ദ്രൻ, അഭിനവ് മനോഹർ, മൊഹ്‌സിൻ ഖാൻ, ശ്രേയസ് ഗോപാൽ, ശിഖർ ഷെട്ടി, വിദ്വത് കവേരപ്പ, വിജയ്കുമാർ വൈശാഖ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക