Asianet News MalayalamAsianet News Malayalam

ഇന്ത്യ-ശ്രീലങ്ക കാര്യവട്ടം ഏകദിനം: ഒരുക്കങ്ങള്‍ പൂര്‍ണം, ടീമുകള്‍ വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെത്തും

14ന് ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും.

karyavattom greenfield stadium ready for host india vs sri lanka third odi
Author
First Published Jan 12, 2023, 5:41 PM IST

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബ് ഒരുങ്ങി. ഞായറാഴ്ച്ച 15ന് ഉച്ചയ്ക്ക് 1.30നാണ് ഡേ നൈറ്റ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും. കൊല്‍ക്കത്തയില്‍ നിന്നും വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരത്തെത്തും. ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസം.

14ന് ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും. ടീമുകള്‍ക്കൊപ്പം തന്നെ മാച്ച് ഓഫീഷ്യലുകളും തിരുവനന്തപുരത്തെത്തും. നിതിന്‍ മേനോനും ജെ ആര്‍ മദനഗോപാലുമാണ് ഫീല്‍ഡില്‍ മത്സരം നിയന്ത്രിക്കുന്നത്. അനില്‍ ചൗധരിയാണ് ടിവി അംപയര്‍. കെ എന്‍ അനന്തപത്മനാഭന്‍ ഫോര്‍ത്ത് അംപയറുടെയും ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം നടന്നത്. അന്ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ടി20യാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതിനു ശേഷം 2019 ഡിസംബര്‍ എട്ടിനു നടന്ന ടി20യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കോവിഡിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം 2022 സെപ്തംബര്‍ 28നാണ് സ്റ്റേഡിയത്തിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. അപ്പര്‍ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് നിരക്ക്  (18% ജിഎസ്ടി, 12% എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.

സച്ചിന്‍ ബേബിക്ക് സെഞ്ചുറി നഷ്ടം; രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ കേരളം ഡ്രൈവിംഗ് സീറ്റില്‍

Follow Us:
Download App:
  • android
  • ios