Asianet News MalayalamAsianet News Malayalam

സച്ചിന്‍ ബേബിക്ക് സെഞ്ചുറി നഷ്ടം; രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ കേരളം ഡ്രൈവിംഗ് സീറ്റില്‍

മൂന്നാം ദിവസമായിരുന്ന ഇന്ന് കേരളം വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് ശ്രമിച്ചത്. വത്സല്‍ ഗോവിന്ദ് (48)- പി രാഹുല്‍ (14) സഖ്യം ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ആദ്യം മടങ്ങി.

Kerala in frontfoot against Services in Ranji Trophy
Author
First Published Jan 12, 2023, 5:06 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ കേരളത്തിന് മുന്‍തൂക്കം. 340 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളം മുന്നോട്ടുവച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം ഏഴിന് 242 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 93 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തെ മികച്ച ലീഡിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച സര്‍വീസസ് നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെടുത്തിട്ടുണ്ട്. സുഫിയാന്‍ ആലം (11), എസ് ജി റോഹില്ല (9) എന്നിവരാണ് ക്രീസില്‍. നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 327നെതിരെ സര്‍വീസസ് 229ന് പുറത്തായിരുന്നു. 98 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് കേരളം നേടിയത്.

മൂന്നാം ദിവസമായിരുന്ന ഇന്ന് കേരളം വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് ശ്രമിച്ചത്. വത്സല്‍ ഗോവിന്ദ് (48)- പി രാഹുല്‍ (14) സഖ്യം ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ആദ്യം മടങ്ങി. പിന്നാലെ വത്സലും പവലിയനില്‍ തിരിച്ചെത്തി. മൂന്നാമനായി ക്രീസിലുണ്ടായിരുന്നു രോഹന്‍ പ്രേമിന് (16) ഫോം നിലനിര്‍ത്തിയില്ല. ഇതോടെ മൂന്നിന് 93 എന്ന നിലയിലായി കേരളം. എന്നാല്‍ സച്ചിന്‍- സല്‍മാന്‍ നിസാര്‍ (40) സഖ്യം കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 91 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. സല്‍മാന് ശേഷം ക്രീസിലെത്തിയ നീതീഷ് എം ഡി (8), സിജോമോന്‍ ജോസഫ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സച്ചിന്‍ ബേബിയും മടങ്ങി. 109 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. അക്ഷയ് ചന്ദ്രന്‍ (20), ജലജ് സക്‌സേന (0) പുറത്താവാതെ നിന്നു.

സര്‍വീസസ് മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ പുറത്തായിരുന്നു. 98 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ജയത്തിലേക്ക് പന്തെറിയാം. ആറിന് 167 റണ്‍സ് എന്ന നിലയിലാണ് സര്‍വീസസ് മൂന്നാം ദിനം ക്രീസിലിറങ്ങിയത്. മൂന്നാം ദിനം തുടക്കത്തിലെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച എം എസ് രാത്തിയെ(20) പുറത്താക്കി എം ഡി നിഥീഷ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീടെത്തിയ ദ്വിവേഷ് ഗുരുദേവ് പത്താനിയക്കും(8) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ജലജ് സക്‌സേനയാണ് പത്താനിയയെ മടക്കിയത്. വാലറ്റക്കാര്‍ക്കൊപ്പം സ്‌കോറുയര്‍ത്താന്‍ ശ്രമിച്ച പുല്‍കിത് നാരങിനെ(36) ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് തന്നെ പുറത്താക്കിയതോടെ കേരളം ലീഡുറപ്പിച്ചു.

തൊട്ടുപിന്നാലെ പിഎസ് പൂനിയയെ(11) കൂടി മടക്കി സിജോമോന്‍ സര്‍വീസസിന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. കേരളത്തിനായി ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വൈശാഖ് ചന്ദ്രനും എം ഡി നിഥീഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ധ സെഞ്ചുറി നേടിയ രവി ചൗഹാന്‍(50), പുല്‍കിത് നാരങ്(36), ശുഭം രോഹില്ല( 31), സുഫിയാന്‍ ആലം(18), ഗാലൗത് രാഹുല്‍ സിംഗ്(19), എന്നിവരാണ് സര്‍വീസസിന്റെ പ്രധാന സ്‌കോറര്‍മാര്‍. രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് സര്‍വീസസിനെിതരെ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ഗോവയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് കേരളത്തിന് തിരിച്ചടിയായത്. കര്‍ണാടകയാണ് കേരളത്തിന്റെ ഗ്രൂപ്പില്‍ ഒന്നാമത്.

അവന്‍ പുറത്താവാന്‍ പുതിയ വഴികള്‍ തേടുന്നു; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അസ്ഹറുദ്ദീന്‍

Follow Us:
Download App:
  • android
  • ios