കുട്ടികൾക്ക് പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാകാനും പ്രതിഭകളെ വളർത്തിയെടുക്കാനുമായി 'റോഡ് ടു കെ.സി.എൽ' പദ്ധതി കെസിഎ ആരംഭിച്ചു. കായികമന്ത്രി ഒ.ജെ. ജെനീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് ക്രിക്കറ്റില്‍ മികച്ച അവസരങ്ങളൊരുക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ 'റോഡ് ടു കെ.സി.എല്‍.' പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും കായികമന്ത്രി ഒ.ജെ. ജെനീഷ് നിര്‍വഹിച്ചു.
ചടങ്ങില്‍ 70-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസ് അണ്ടര്‍-19 ആണ്‍കുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരള ടീം അംഗങ്ങളെ മന്ത്രിയും കെ.സി.എ. ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു. ടീമിന് കെ.സി.എ. അഞ്ചുലക്ഷം രൂപ പാരിതോഷികവും നല്‍കി.
റോഡ് ടു കെ സി എല്‍ പദ്ധതി
ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുകയും, സ്‌കൂള്‍ ക്രിക്കറ്റ് മത്സരങ്ങളിലൂടെ പ്രതിഭകളെ കണ്ടെത്തി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലേക്കും കേരള ക്രിക്കറ്റ് ലീഗിലേക്കും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന ദീര്‍ഘകാല പദ്ധതിയാണ് റോഡ് ടു കെ.സി.എല്‍.
പദ്ധതിക്കു കീഴില്‍ ഇന്റര്‍-സ്‌കൂള്‍ ടൂര്‍ണമെന്റ്, വിവിധ ജില്ലാ-സംസ്ഥാന ടൂര്‍ണമെന്റുകള്‍, വിദഗ്ധ പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. മികവ് തെളിയിക്കുന്ന താരങ്ങള്‍ക്ക് കെ.സി.എ. ഹൈ- പെര്‍ഫോമന്‍സ് സെന്ററില്‍ പരിശീലനം നേടാനും അവസരമൊരുക്കും.
ക്രിക്കറ്റിന് പ്രചാരം കുറവുള്ള ജില്ലകളിലേക്കും വിദ്യാലയങ്ങളിലേക്കും ഈ കായികയിനം വ്യാപിപ്പിക്കുക, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പ്രോത്സാഹിപ്പിക്കുക, കായികാധ്യാപകരുടെ സജീവ സാന്നിധ്യം ഉറപ്പാക്കുക, പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
കെ സി എ ഇന്റര്‍-സ്‌കൂള്‍ ടൂര്‍ണമെന്റും 'ഫ്യൂച്ചര്‍ സൂപ്പര്‍ സ്റ്റാറും'
റോഡ് ടു കെ.സി.എല്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍തലത്തില്‍ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് മത്സരപരിചയം നല്‍കാനുമായി തെരഞ്ഞെടുക്കപ്പെടുന്ന 20 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കെ.സി.എ. സംഘടിപ്പിക്കുന്ന ജില്ലാ ടൂര്‍ണമെന്റാണിത്. സംസ്ഥാനത്തെ അംഗീകൃത സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. ഒരു സ്‌കൂളില്‍നിന്ന് ഒരു ടീമിനു മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ.
15 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം പരമാവധി മൂന്ന് മത്സരങ്ങളായിരിക്കും ക്രമീകരിക്കുക. പങ്കെടുക്കുന്ന എല്ലാ സ്‌കൂള്‍ ടീമുകള്‍ക്കുമായി കെ.സി.എ. പ്രത്യേക സെലക്ഷന്‍ പരിപാടികള്‍ ഒരുക്കും. മത്സരങ്ങള്‍ കെ.സി.എ. ടാലന്റ് കമ്മിറ്റിയും സെലക്ഷന്‍ കമ്മിറ്റിയും നിരീക്ഷിക്കും. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് വിദഗ്ധ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കുമെന്ന് കെ.സി.എ. അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന 20 സ്‌കൂളുകള്‍ക്കു പുറമെ, അപേക്ഷ സമര്‍പ്പിക്കുന്ന മറ്റ് വിദ്യാലയങ്ങളിലെ താരങ്ങള്‍ക്കായി നെറ്റ്‌സ് സെലക്ഷനിലൂടെ 'ടാലന്റ് സ്‌കാന്‍' സംഘടിപ്പിക്കും. ഇത്തരത്തില്‍ 1,000 യുവതാരങ്ങള്‍ക്ക് റോഡ് ടു കെസിഎല്‍ - ഫ്യൂച്ചര്‍ സൂപ്പര്‍ സ്റ്റാര്‍ പദ്ധതിയിലൂടെ പരിശീലനം നല്‍കും.
യോഗ്യതയും നിബന്ധനകളും
202627 അധ്യയന വര്‍ഷത്തില്‍ ഏഴുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ യോഗ്യത. ഒരു സ്‌കൂളിന്റെ പ്രാഥമിക സ്‌ക്വാഡില്‍ പരമാവധി 20 താരങ്ങളെ ഉള്‍പ്പെടുത്താം. ഒരേ സീസണില്‍ ഒരു താരം ഒന്നിലധികം സ്‌കൂളുകള്‍ക്കായി കളിക്കാന്‍ പാടില്ല. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കെ.സി.എ.യുടെ പ്രത്യേക അനുമതിയുണ്ടെങ്കില്‍ മാത്രമേ അവസരം ലഭിക്കൂ. മത്സരസമയത്ത് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാ താരങ്ങളുടെയും പക്കല്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
രജിസ്‌ട്രേഷനും രേഖകളും
കെ.സി.എ.യുടെ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് സ്‌കൂളുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രാരംഭ അപേക്ഷയ്ക്ക് ഫീസില്ല. ഇരുപതിലധികം സ്‌കൂളുകള്‍ അപേക്ഷിച്ചാല്‍ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ മുന്‍കാല ക്രിക്കറ്റ് നേട്ടങ്ങള്‍, പരിശീലന-അക്കാദമി സൗകര്യങ്ങള്‍, അംഗീകൃത ടൂര്‍ണമെന്റുകളിലെ സ്ഥിരമായ പങ്കാളിത്തം, ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തിയാകും ടീമുകളെ തിരഞ്ഞെടുക്കുക. അവസരം ലഭിക്കുന്ന സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വഴി 1,000 രൂപ പ്രവേശന ഫീസായി അടയ്ക്കണം. ടൂര്‍ണമെന്റില്‍ വിജയകരമായി പങ്കെടുക്കുന്ന ടീമുകള്‍ക്ക് മത്സരശേഷം ഈ തുക തിരികെ നല്‍കും.
അപേക്ഷയോടൊപ്പം താരങ്ങളുടെ ജനനത്തീയതി തെളിയിക്കാനായി ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ്, പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അഡ്മിഷന്‍ രജിസ്റ്റര്‍ പകര്‍പ്പ്, പാസ്‌പോര്‍ട്ട് എന്നിവയിലൊന്ന് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. സ്‌കൂള്‍ ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മുന്‍കാല നേട്ടങ്ങളുടെ രേഖകള്‍ എന്നിവയും സമര്‍പ്പിക്കണം. അപേക്ഷയിലെ വിവരങ്ങളുടെയും രേഖകളുടെയും ആധികാരികത പ്രിന്‍സിപ്പലോ സ്ഥാപന മേധാവിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. അതത് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്‌കൂള്‍ കമ്മിറ്റികളാണ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തുക.
ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി അതത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അധ്യക്ഷനായ ജില്ലാതല ടൂര്‍ണമെന്റ് മാനേജ്മെന്റ് കമ്മിറ്റികളും കെ.സി.എ. നിയോഗിക്കുന്ന സോണല്‍ കണ്‍വീനര്‍മാരും പ്രവര്‍ത്തിക്കും. രജിസ്‌ട്രേഷന്‍ തീയതികള്‍, മത്സരക്രമം, വേദികള്‍, സമയക്രമം എന്നിവ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് കെ.സി.എ. ഭാരവാഹികള്‍ വ്യക്തമാക്കി.















