അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക സന്നാഹത്തിന് ടിക്കറ്റെടുത്തവര്‍ നിരാശാരവേണ്ട! പണം തിരികെ കിട്ടാന്‍ ഇങ്ങനെ ചെയ്യൂ
ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കെസിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ ടിക്കറ്റ് തുക അക്കൗണ്ടിലെത്തും.

തിരുവനന്തപുരം: കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍ - ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ടോസിടാന്‍ പോലും സാധിച്ചില്ല. ഇതോടെ ആരാധകരും നിരാശയിലായി. എന്നാല്‍ പണം നഷ്ടമായവര്‍ നിരാശരാവേണ്ടതില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്.
ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കെസിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ ടിക്കറ്റ് തുക അക്കൗണ്ടിലെത്തും. ഓഫ്‌ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്കും പണം തിരികെ നല്‍കുന്നുണ്ട്. ടിക്കറ്റിന് കേടുപാടുകള്‍ കൂടാതെ എടുത്ത സെന്ററില്‍ തന്നെ പോയി കാണിച്ചാല്‍ പണം തിരികെ നല്‍കുമെന്നും കെസിഎ വ്യക്തമാക്കി.
ഇനി മൂന്ന് മത്സരങ്ങള്‍ കൂടി സ്‌റ്റേഡിയത്തില്‍ അവശേഷിക്കുന്നുണ്ട്. നാളെ നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതര്‍ലന്‍ഡ്‌സിനേയും നേരിടും.
ഇന്ന് നടന്ന മറ്റു സന്നാഹ മത്സരങ്ങളില്‍ ന്യൂസിലന്‍ഡും ബംഗ്ലാദേശും ജയിച്ചിരുന്നു. ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 346 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 103 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 97 റണ്‍സ് നേടിയ രജിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 49.1 ഓവറില്‍ 263ന് എല്ലാവരും പുറത്തായി. 68 റണ്‍സ് നേടിയ പതും നിസ്സങ്കയാണ് അവരുടെ ടോപ് സ്‌കോറര്‍. മെഹദി ഹസന്‍ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 42 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.