19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സിന് പുറത്തായി. 

വയനാട്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. കേരളം ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ജോയ്ഫിനും സംഗീത് സാഗറും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് 31 റണ്‍സ് വരെ മാത്രമാണ് നീണ്ടത്. ഒന്‍പത് റണ്‍സെടുത്ത സംഗീതിന്റെ പുറത്താകല്‍ ബാറ്റിങ് തകര്‍ച്ചയുടെ തുടക്കമായി.

21 റണ്‍സെടുത്ത ജോയ്ഫിനും ഹൃഷികേശും അടുത്തടുത്ത പന്തുകളില്‍ പുറത്തായി. തൊട്ടുപിറകെ ജോബിന്‍ ജോബിയും ഔട്ടായതോടെ നാല് വിക്കറ്റിന് 48 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ക്യാപ്റ്റന്‍ മാനവ് കൃഷ്ണയും അമയ് മനോജും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 19 റണ്‍സെടുത്ത അമയ് പുറത്തായത് വീണ്ടുമൊരു തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. 110 റണ്‍സിന് കേരളത്തിന്റെ ഇന്നിങ്‌സിന് അവസാനമായി. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാനവ് കൃഷ്ണയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സൗരാഷ്ട്രയ്ക്ക് വേണ്ടി വത്സല്‍ പട്ടേലും ദേവര്‍ഷും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്കും തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കരണ്‍ ഗധാവിയെ ദേവഗിരി പുറത്താക്കിയപ്പോള്‍ രുദ്ര ലഖാന പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. 17 റണ്‍സെടുത്ത മയൂര്‍ റാഥോഡിനെ തോമസ് മാത്യു ക്ലീന്‍ ബൗള്‍ഡാക്കി. മഴയെ തുടര്‍ന്ന് കളി നേരത്തെ നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 63 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര.

YouTube video player