2016ന് ശേഷം ആദ്യമായി അവസാന നാലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഗോവയ്‌ക്കെതിരെ സമ്മര്‍ദമൊന്നുമില്ലാതെ കളിക്കാം. അവസാന മത്സരത്തിലെ ജയപരാജയം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ല. 33 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) സെമിഫൈല്‍ ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ഇന്ന് അവസാന ലീഗ് മത്സരം. എഫ് സി ഗോവയാണ് എതിരാളി. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 2016ന് ശേഷം ആദ്യമായി അവസാന നാലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഗോവയ്‌ക്കെതിരെ സമ്മര്‍ദമൊന്നുമില്ലാതെ കളിക്കാം. അവസാന മത്സരത്തിലെ ജയപരാജയം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ല. 33 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. 

40 പോയിന്റുമായി ജംഷെഡ്പൂര്‍ ഒന്നും, 38 പോയിന്റുള്ള ഹൈദരാബാദ് രണ്ടും 37 പോയിന്റുള്ള എടികെ മോഹന്‍ ബഗാന്‍ മൂന്നും സ്ഥാനത്ത്. അവസാന മൂന്ന് കളിയും തോറ്റ് ഒന്‍പതാം സ്ഥാനത്തായ ഗോവയുടെ ലക്ഷ്യം ആശ്വാസജയം. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും രണ്ടുഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. സെമിയില്‍ സ്ഥാനം ഉറപ്പാക്കിയതിനാല്‍ ബ്ലാസ്റ്റേഴ്‌സ് സസ്‌പെന്‍ഷന്‍ ഭീഷണിയുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. 

ഗോവയ്‌ക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടാവും കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. പരിക്കേറ്റ താരങ്ങളുടെ അഭാവം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നും വുകോമനോവിച്ച് പറഞ്ഞു. ഗോവയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ അല്‍വാരോ വാസ്‌ക്വേസ്, ഹോര്‍ജെ പേരരെ ഡിയാസ്, പ്യൂട്ടിയ എന്നിവര്‍ സസ്‌പെന്‍ഷന്റെ വക്കിലാണ്. ഒരിക്കല്‍ക്കൂടി മഞ്ഞക്കാര്‍ഡ് കണ്ടാല്‍ ഇവര്‍ക്ക് അടുത്തമത്സരം നഷ്ടമാവും. ഇതൊക്കെ കളിയുടെ ഭാഗംമാത്രമാണെന്നാണ് ഇവാന്‍ വുകോമനോവിച്ച് കരുതുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായതോടെ സെമിഫൈനല്‍ സാധ്യത നഷ്ടമായെങ്കിലും ഗോവ ഏറ്റവും മികച്ച ടീമിനെ അണിനിരത്തുമെന്നാണ് വുകോമനോവിച്ച് പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷനിലായ ഹര്‍മന്‍ജോത് ഖബ്രയുടെയും പരിക്കേറ്റ നിഷുകുമാറും ജീക്‌സണ്‍ സിംഗിന്റെയും അഭാവം ബ്ലാസ്റ്റേഴ്‌സ് മറികടക്കുമെന്നും വുകോമനോവിച്ച്.