കെസിഎല്‍ കാന്റര്‍വാന്‍ പര്യടനം ഇന്‍ഫോപാര്‍ക്കില്‍ സമാപിച്ചു. സിനിമാ താരങ്ങളും ആരാധകരും ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചു.
കൊച്ചി: കെസിഎല്‍ കാന്റര്‍വാന്‍ പര്യടനത്തിന് ഇന്‍ഫോപാര്‍ക്കില്‍ ആവേശ്വോജ്ജല സമാപനം. സാംസണ്‍ സഹോദരന്മാര്‍ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്‌സിനെ ആരാധകര്‍ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇന്‍ഫോ പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. ജില്ലയിലുടനീളം പര്യടനത്തിന് ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് ശേഷം, ഇന്‍ഫോപാര്‍ക്കില്‍ നടന്ന സമാപനച്ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷപൂരമായി മാറി. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധിയാളുകളാണ് കൊച്ചിയുടെ ടീമിന് പിന്തുണയേകി രംഗത്തെത്തിയത്.
ആരാധകരുടെ ആരവങ്ങള്‍ക്കിടയിലേക്ക് സിനിമാ താരങ്ങളായ സിജു വില്‍സണ്‍, മാളവിക, റിതു മന്ത്ര എന്നിവര്‍ എത്തിയതോടെ ഇന്‍ഫോപാര്‍ക്കിലെ ആവേശം വാനോളമുയര്‍ന്നു. ചടങ്ങിന് താരപ്പകിട്ടേകിയ താരങ്ങള്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. 'ഇത്തവണ കിരീടം കൊച്ചിക്ക് തന്നെ, ബ്ലൂ ടൈഗേഴ്‌സിനൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും,' സിജു വില്‍സണ്‍ പറഞ്ഞു. കളിക്കാര്‍ക്ക് കെ.സി.എല്‍ നല്‍കുന്ന വേദി വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചിയുടെ ആവേശമാണ് ബ്ലൂടൈഗേഴ്‌സ് എന്ന് താരങ്ങളായ മാളവികയും റിതുവും പറഞ്ഞു.
സാംസണ്‍ സഹോദരങ്ങളുടെ തന്ത്രങ്ങള്‍ കൂടി ചേരുമ്പോള്‍ ഏറ്റവും മികച്ച ടീമിനെയാണ് കൊച്ചി കളത്തിലിറക്കുന്നതെന്ന് ടീം ഉടമ അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. 'ഗാലറിയിലെ ആരവമാണ് ഞങ്ങളുടെ ഊര്‍ജ്ജം. ഓഗസ്റ്റ് 21-ന് ലീഗ് ആരംഭിക്കുമ്പോള്‍ ആരാധകര്‍ക്കായി വമ്പന്‍ സര്‍പ്രൈസുകള്‍ കാത്തിരിക്കുന്നുണ്ട്,' അദ്ദേഹം വ്യക്തമാക്കി. പര്യടനത്തിന്റെ ഭാഗമായി ആരാധകര്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും ആവേശം ഇരട്ടിപ്പിച്ചു. ചടങ്ങില്‍
ഫെഡറല്‍ ബാങ്ക് ഭാരവാഹികളായ സ്‌നേഹ എന്‍. നായര്‍, ജോസ്‌മോന്‍ പി. ഡേവിഡ്, അലക്‌സ് ടോം, സിസിഎഫ് പ്രതിനിധി സ്ലീബ, ഓപ്പറേഷന്‍സ് ഹെഡ് അഖില്‍ ചന്ദ്രന്‍, ആര്‍ജെ ഹേമന്ത് എന്നിവര്‍ പങ്കെടുത്തു.

