തൃശൂർ ടൈറ്റാൻസിനെ തോൽപ്പിച്ച ബ്ലൂ ടൈഗേഴ്‌സിന് ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ്. ഇന്ന് കൊല്ലം സെയ്‌ലേഴ്‌സിന് നിർണായക മത്സരം.
തിരുവനന്തപുരം: കേരള സൂപ്പര്‍ ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പ്ലേ ഓഫിനരികെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഇന്നലെ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റിന് ജയിച്ചതോടെ ബ്ലൂ ടൈഗേഴ്‌സിന് ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റായി. അഞ്ച് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രാണ് പരാജയപ്പെട്ടത്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. 70 റണ്‍സ് നേടിയ ആനന്ദ് കൃഷ്ണനാണ് ടോപ് സ്‌കോറര്‍. ശ്രീഹരി എസ് നായര്‍, കെ എം ആസിഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ബ്ലൂ ടൈഗേഴ്സ് 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യം മറികടന്നു. വിനൂപ് മനോഹരന്‍ 42 പന്തില്‍ 65 റണ്‍സ് നേടി. അവസാന ഓവറില്‍ സിക്സര്‍ പായിച്ച് സാലി സാംസണാണ് (17 പന്തില്‍ 25) ബ്ലൂ ടൈഗേഴ്സിനെ വിജയിപ്പിച്ചത്.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും മൂന്ന് തോല്‍വിയും. ഇന്നലെ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ഗ്ലോബ്‌സ്റ്റാര്‍സ് ജയിച്ചിരുന്നു. ബ്ലൂ ടൈഗേഴ്‌സിനോട് പരാജയപ്പെട്ട ടൈറ്റന്‍സ് മൂന്നാംം സ്ഥാനത്താണ്. ടൈറ്റന്‍സിനും ഗ്ലോബ്‌സ്റ്റാര്‍സിനും എട്ട് പോയിന്റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഗ്ലോബ്‌സ്റ്റാര്‍സ് (+0.617) മുന്നിലെത്തി. ടൈറ്റന്‍സിന്റെ നൈറ്റ് റണ്‍റേറ്റ് മൈനസാണ്. കൊല്ലം സെയ്‌ലേഴ്‌സാണ് നാലാം സ്ഥാനത്ത്.
മറ്റുള്ള ടീമുകളെ അപേക്ഷിച്ച് ഒരു മത്സരം കുറച്ചാണ് സെയ്‌ലേഴസ് കളിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് സെയ്‌ലേഴ്‌സിന്. മൂന്ന് വീതം ജയവും തോല്‍വിയും. അലപ്പി റിപ്പിള്‍സാണ് അഞ്ചാമത്. ഇവര്‍ക്കും ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്. ഇന്ന് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനത്ത് വരെ എത്താനുള്ള സാഹചര്യമുണ്ട്.
ട്രിവാന്‍ഡ്രം റോയല്‍സ് ആറാമതാണ്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിനുള്ളത് ഒരു ജയം മാത്രം. ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ടീമിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതുമാണ്.

