ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ് കേരളം നാലാം ദിനം ബാറ്റിംഗിനെത്തുന്നത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് വിജയതുല്യമായ സമനില. 363 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടി. പരിക്കിനെ തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാതിരുന്ന ബാബ അപരാജിത് രണ്ടാം ഇന്നിംഗ്‌സില്‍ കാണിച്ച ചെറുത്തുനില്‍പ്പാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദിത്യ സര്‍വാതെയാണ് (80) കേരളത്തിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് അസറുദ്ദീന്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയിരുന്ന കേരളത്തിന് മൂന്ന് പോയിന്റുകളും ലഭിച്ചു. സ്‌കോര്‍: മധ്യപ്രദേശ് 160 & 369/8 ഡി, കേരളം: 167/9 & 268/8.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ് കേരളം നാലാം ദിനം ബാറ്റിംഗിനെത്തുന്നത്. അക്ഷയ് ചന്ദ്രന്റെ (24) വിക്കറ്റ് ഇന്നലെ കേരത്തിന് നഷ്ടമായിരുന്നു. പിന്നീട് രോഹന്‍ കുന്നമ്മല്‍ (8), ഷോണ്‍ റോജര്‍ (1) ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (3) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇതോടെ 28-1ല്‍ നിന്ന് 37-4ലേക്ക് വീണ കേരളം. സല്‍മാന്‍ നിസാറിന്റെ (5) വിക്കറ്റ് കൂടി നഷ്ടമായതോടെ 47-5ലേക്ക് കൂപ്പുകുത്തി പരാജയത്തിന്റെ വക്കിലായി ടീം. എന്നാാല്‍ ആറാം വിക്കറ്റില്‍ ജലജ് സക്‌സേന (32) - മുഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് കേരളത്തെ 100 കടത്തി പ്രതീക്ഷ നല്‍കി.

7.1 ഓവറില്‍ ബംഗ്ലാദേശിനെ തുരത്തി ഇന്ത്യ! മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി ജോഷിത

ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ ജലജിനെ വീഴ്ത്തിയ സാരാന്‍ഷ് ജെയിന്‍ കേരളത്തെ വീണ്ടും ഞെട്ടിച്ചു. എന്നാല്‍ എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സര്‍വാതെ അസറുദ്ദീനൊപ്പം ഉറച്ചുനിന്നതോടെ കേരളത്തിന് സമനില പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാം ന്യൂബോളില്‍ അസറുദ്ദീനെ (68) കുല്‍ദീപ് സെന്‍ പുറത്താക്കിയതോടെ കേരളം വീണ്ടും പ്രതിരോധത്തിലായി. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്‌സ്.

80 റണ്‍സ് നേടിയ സര്‍വാതെ, അപരാജിതിനൊപ്പം ചേര്‍ന്ന് കേരളത്തിന് സമനില സമ്മാനിക്കുമെന്ന് കരുതി. എന്നാല്‍ സര്‍വാതെയെ കാര്‍ത്തികേയ മടക്കി. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. വീണ്ടും കേരളത്തിന് മുന്നില്‍ തോല്‍വി ഭീഷണി. എന്നാല്‍ പരിക്ക് വകവെക്കാതെ അസാമാന്യ പോരാട്ടവീര്യം കാണിച്ച അപാരജിത് കേരളത്തിന് വിജയതുല്യമായ സമനില സമ്മാനിച്ചു. 70 പന്തുകള്‍ നേരിട്ട താരം 26 റണ്‍സ് നേടി. 35 പന്തുകള്‍ നേരിട്ട നാല് റണ്‍സ് മാത്രം നേടി പുറത്താവാതെ നിന്ന എം ഡി നിധീഷിന്റെ ഇന്നിംഗ്‌സും എടുത്തുപറയണം. കുല്‍ദീപ് സെന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ മധ്യപ്രദേശിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം നേടി.