ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഹോക്കി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്  2 കോടി രൂപ മുഖ്യമന്ത്രി കൈമാറി.  

തിരുവനന്തപുരം: ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി. മാനവീയം വീഥിയില്‍ നിന്ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് തുറന്ന ജീപ്പില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെണ് ശ്രീജേഷിനെ അനുമോദന സമ്മേളനം നടന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്.

വകുപ്പുതല തര്‍ക്കങ്ങളിലും വിവാദങ്ങളിലും കുരുങ്ങി പലതവണ മാറ്റിവച്ച സ്വീകരണ ചടങ്ങാണ് ഇന്ന് തലസ്ഥാനത്ത് നടന്നത്. ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഹോക്കി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ അനുമോദന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖരുടെ വലിയൊരു നിരതന്നെ ഉണ്ടായിരുന്നു. കായിക മേഖലക്കും കേരളത്തിനും ഒരുപോലെ ആവേശം പകര്‍ന്ന കായിക താരമാണ് പിആര്‍ ശ്രീജേഷെന്നും മാതൃകയാകാന്‍ കഴിയുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേതെന്നും മുഖ്യമന്ത്രി അനുമോദിച്ചു. ഓരോ അവസരങ്ങളിലും സര്‍ക്കാര്‍ ഒപ്പം നിന്നു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പി ആര്‍ ശ്രീജേഷ് പറഞ്ഞു.

വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിലെ തർക്കം കാരണം നേരത്തെ ശ്രീജേഷിനുള്ള സ്വീകരണച്ചടങ്ങ് മുടങ്ങിയിരുന്നു. തലസ്ഥാനത്തെതതി ശ്രീജേഷ് വെറും കയ്യോടെ മടങ്ങിയത് വിവാദമായിരുന്നു. എല്ലാറ്റിനും അവസാനമാണ് വിവിധ വകുപ്പുകൾ യോജിച്ചുള്ള സ്വീകരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം