സി.കെ. നായിഡു ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളം ഇന്നിങ്‌സ് വിജയത്തിലേക്ക് കുതിക്കുന്നു.
മേഘാലയ: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളം ശക്തമായ നിലയില്‍. 251 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ മേഘാലയ, രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ മേഘാലയയ്ക്ക് ഇനി 205 റണ്‍സ് കൂടി വേണം. നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 357 റണ്‍സിന് അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ വരുണ്‍ നായനാരുടെ പ്രകടനമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
രണ്ട് വിക്കറ്റിന് 168 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വരുണ്‍ നായനാരുടെയും ഷോണ്‍ റോജറുടെയും ഇന്നിങ്‌സുകളാണ് കരുത്തുപകര്‍ന്നത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 102 റണ്‍സെടുത്ത വരുണ്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഷോണ്‍ റോജര്‍ 62 റണ്‍സ് നേടി.
തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ (22), പവന്‍ ശ്രീധര്‍ (14), ഹൃഷികേശ് (19), ജിഷ്ണു (0), കൈലാസ് ബി. നായര്‍ (1), എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വാലറ്റത്ത് 21 റണ്‍സുമായി പുറത്താകാതെ നിന്ന ജെ.എസ്. അനുരാജിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 350 കടത്തിയത്. പവന്‍ രാജ് 14 റണ്‍സെടുത്തു. ആറ് വിക്കറ്റ് വീഴ്ത്തിയ മനീഷാണ് മേഘാലയയുടെ ബൗളിങ് നിരയില്‍ തിളങ്ങിയത്.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി അഭിജിത് പ്രവീണാണ് മേഘാലയയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 28 റണ്‍സെടുത്ത അവിനാഷ് റായിയെ ജെ.എസ്. അനുരാജും, ജോസിയ മോമിനെ ജിഷ്ണുവും, ആഷിഫ് ഖാനെ കൈലാസ് ബി. നായരും പുറത്താക്കി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ് മേഘാലയ. ക്യാപ്റ്റന്‍ കെവിന്‍ ക്രിസ്റ്റഫര്‍ ഒന്‍പത് റണ്‍സുമായി ക്രീസിലുണ്ട്.

