19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പഞ്ചാബിനെതിരെ കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറി.

വയനാട്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പഞ്ചാബിനെതിരെ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍, കേരളം ഏഴ് വിക്കറ്റിന് 229 റണ്‍സെന്ന നിലയില്‍. ആദ്യ ഓവറുകളില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ ബാറ്റിങ് നിര ശക്തമായി തിരിച്ചു വരികയായിരുന്നു. അമയ് മനോജും ഹൃഷികേശുമായിരുന്നു കേരളത്തിന്റെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 14ല്‍ നില്‍ക്കെ ഒരു റണ്ണെടുത്ത സംഗീത് സാഗറെ പുറത്താക്കി അധിരാജ് സിങ് കേരളത്തിന് ആദ്യ പ്രഹരമേല്പിച്ചു. അതേ ഓവറില്‍ തന്നെ തോമസ് മാത്യുവിനെയും അധിരാജ് പൂജ്യത്തിന് പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കും മുന്‍പ് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ നാല് വിക്കറ്റിന് 14 റണ്‍സെന്ന നിലയിലായിരുന്നു കേരളം. കെ ആര്‍ രോഹിത് ഒന്‍പത് റണ്‍സുമായി മടങ്ങിയപ്പോള്‍ മാധവ് കൃഷ്ണ പൂജ്യത്തിന് പുറത്തായി. തുടര്‍ന്നെത്തിയ ലെറോയ് ജോക്വിനും പിടിച്ചു നില്ക്കാനായില്ല. നാല് റണ്‍സെടുത്ത ലെറോയിയെ അധിരാജ് സിങ് ക്ലീന്‍ ബൗള്‍ഡാക്കി.

ആറാം വിക്കറ്റില്‍ ഹൃഷികേശും അമയ് മനോജും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 141 റണ്‍സാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. അമയ് 67ഉം ഹൃഷികേശ് 84ഉം റണ്‍സെടുത്തു. ഇരുവരെയും പുറത്താക്കി സക്ഷേയയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. കളി നിര്‍ത്തുമ്പോള്‍ 31 റണ്‍സോടെ ജോബിന്‍ ജോബിയും 25 റണ്‍സോടെ മാനവ് കൃഷ്ണയുമാണ് ക്രീസില്‍. പഞ്ചാബിന് വേണ്ടി അധിരാജ് സിങ് നാലും സക്ഷേയ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

YouTube video player