വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് അഞ്ചാം തോല്‍വി. ആന്ധ്രാ പ്രദേശുമായുള്ള മത്സരത്തില്‍ ഏഴ് വിക്കറ്റനായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: കേരളം 162 & 135, ആന്ധ്ര 255 & 43. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് അഞ്ച് തോല്‍വിയും ഒരു സമനിലയും ഒരു ജയവുമാണുള്ളത്. ഒമ്പത് പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. ഒരു മത്സരം മാത്രമാണ് കേരളത്തിന് ഇനി അവശേഷിക്കുന്നത്. അതിലും ജയിക്കാനായില്ലെങ്കില്‍ കേരളം എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് പുറത്തായേക്കും. 

രണ്ടാം ഇന്നിങ്‌സില്‍ 135ന് പുറത്തായ കേരളം 43 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആന്ധ്രയ്ക്ക് മുന്നില്‍വച്ചത്. ആന്ധ്രയാവട്ടെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ എസ്എംഡി റാഫി, പൃഥ്വിരാജ് യാര എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് കേരളത്തെ തകര്‍ത്തത്. രോഹന്‍ പ്രേം (24), റോബിന്‍ ഉത്തപ്പ (22), എം ഡി നിതീഷ് (20) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ ജലജ് സക്‌സേന വീണ്ടും പരാജയമായി.

ഒന്നാം ഇന്നിങ്‌സില്‍ പ്രശാന്ത് കുമാറിന്റെ (79) പ്രകടനമാണ് ആന്ധ്രയ്ക്ക് ലീഡ് സമ്മാനിച്ചത്. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ മൂന്ന് വിറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ കേരളം 162ന് പുറത്തായിരുന്നു. 42 റണ്‍സ് നേടിയ ബേസില്‍ തമ്പിയായിരുന്നു ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേടിയ റാഫിയാണ് കേരളത്തെ തകര്‍ത്തത്.