Asianet News MalayalamAsianet News Malayalam

സഞ്ജുവിനെ കാഴ്ച്ചക്കാരനാക്കി റിയാന്‍ പരാഗിന്റെ അഴിഞ്ഞാട്ടം! സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന് ആദ്യ തോല്‍വി

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് അസമിന് ലഭിച്ചത്. 48 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ക്യാപ്റ്റന്‍ പരാഗ് ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ക്ക് അവര്‍ക്ക് അനുകൂലമായി.

kerala lost to assam after riyan parag show in syed mushtaq ali trophy t20 saa
Author
First Published Oct 27, 2023, 5:10 PM IST

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് ആദ്യ തോല്‍വി. ഗ്രൂപ്പിലെ അവസാന മത്സത്തില്‍ അസമാണ് കേരളത്തെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് (8) തിളങ്ങാനായില്ല. മറുപടി ബാറ്റിംഗില്‍ അസം 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 33 പന്തില്‍ 57 റണ്‍സുമായി പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് അസമിനെ മുന്നിലേക്ക് നയിച്ചത്. ഐപിഎല്ലില്‍ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് പരാഗ് കളിക്കുന്നത്. കേരളം തോറ്റെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് അസമിന് ലഭിച്ചത്. 48 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് ക്യാപ്റ്റന്‍ പരാഗ് ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ക്ക് അവര്‍ക്ക് അനുകൂലമായി. 33 പന്തുകള്‍ നേരിട്ട പരാഗ് ആറ് സിക്‌സും ഒരു ഫോറുമാണ് നേടിയത്. പരാഗിന് പുറമെ പ്രദ്യുന്‍ സൈകിയ (21) മാത്രമാണ് 20നപ്പുറമുള്ള റണ്‍സ് നേടിയ മറ്റൊരു താരം. കേരളത്തിന് വേണ്ടി ജലജ് സക്‌സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അതിഥി താരമായി ഈ സീസണില്‍ ടീമിലെത്തിയ ശ്രേയസ് ഗോപാല്‍ നാല് ഓവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.

നേരത്തെ, ബൗളിംഗിലും പരാഗ് തിളങ്ങിയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഒരു വിക്കറ്റാണ് പരാഗ് നേടിയത്. കേരളത്തിന് വേണ്ടി അബ്ദുള്‍ ബാസിത് (21 പന്തില്‍ പുറത്താവാതെ 46) മികച്ച പ്രകടനം പുറത്തെടുത്തു. രോഹന്‍ കുന്നുമ്മല്‍ (32 പന്തില്‍ 31), സച്ചിന്‍ ബേബി (17 പന്തില്‍ പുറത്താവാതെ 18) എന്നിവരാണ് കേരളത്തിന് വേണ്ടി രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സഞ്ജുവിനെ അവിനോവ് ചൗധരി വിക്കറ്റിന് മുന്നില്‍ കുടുക്കി. വരുണ്‍ നായനാര്‍ (2), സല്‍മാന്‍ നിസാര്‍ (8), വിഷ്ണു വിനോദ് (5), സിജോമോന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ജീവന്‍മരണപ്പോരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന് ടോസ്, രണ്ട് ടീമിലും മാറ്റങ്ങള്‍

Follow Us:
Download App:
  • android
  • ios