അണ്ടര്‍ 23 വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം തോല്‍വി. പഞ്ചാബ് നാല് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. 

വിജയവാഡ: അണ്ടര്‍ 23 വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം തോല്‍വി. പഞ്ചാബ് നാല് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി അനന്യ കെ പ്രദീപും ക്യാപ്റ്റന്‍ നജ്‌ല സിഎംസിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കേരളത്തിന് മികച്ച സ്‌കോര്‍ നേടാനായില്ല.

ഓപ്പണര്‍മാരായ വൈഷ്ണ എം പി ഒന്‍പതും ശ്രദ്ധ സുമേഷ് 11ഉം റണ്‍സ് നേടി മടങ്ങി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന അനന്യയും നജ്‌ലയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കേരളത്തെ മാന്യമായൊരു സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നജ്‌ല 28 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനന്യ 24 റണ്‍സെടുത്ത് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്നെത്തിയവരില്‍ ശീതള്‍ വി ജെ 10 റണ്‍സ് നേടി. പഞ്ചാബിന് വേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാര്‍ നല്കിയ മികച്ച തുടക്കം മുതല്‍ക്കൂട്ടായി. അവ്‌നീത് കൗര്‍ 39ഉം ഹര്‍സിമ്രന്‍ജിത് 27ഉം റണ്‍സ് നേടി. എന്നാല്‍ മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കേരളം തിരിച്ചടിച്ചതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. പക്ഷെ ഇരുപതാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ പഞ്ചാബ് ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ നജ്‌ല മൂന്ന് വിക്കറ്റ് വീഴ്ത്തി.

YouTube video player