തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ കേരളത്തിന് ദയനീയ തോല്‍വി. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 96 റണ്‍സിനുമായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: കേരളം 90 & 82. രാജസ്ഥാന്‍ 268. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആ്ദ്യ ഇന്നിങ്‌സില്‍ 90ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 268 റണ്‍സ് നേടി. 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് സന്ദര്‍ശകര്‍ നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം 82ന് പുറത്താവുകയായിരുന്നു.

സുരിന്ദര്‍ ശര്‍മയുടെ ആറ് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ തകര്‍ത്തത്. 18 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ പ്രേം (4), വിഷ്ണു വിനോദ് (11), സല്‍മാന്‍ നിസാര്‍ (13) മുഹമ്മദ് അസറുദ്ദീന്‍ (9), അക്ഷയ് ചന്ദ്രന്‍ (2), ജലജ് സക്‌സേന (14), അഭിഷേക് മോഹന്‍ (8), എം ഡി നിതീഷ് (0) എന്നിവര്‍ നിരാശപ്പെടുത്തി.  

നേരത്തെ 92 റണ്‍സ് നേടിയ യാഷ് കോത്താരിയാണ് രണ്ടാം ഇന്നിങ്‌സില്‍ രാജസ്ഥാനെ സഹായിച്ചത്. രാജേഷ് ബിഷ്‌ണോയ് (67), അര്‍ജിത് ഗുപ്ത (36) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സക്‌സേനയുടെ ഏഴ് വിക്കറ്റ് പ്രകടനം മാത്രമാണ് ഇന്ത്യക്ക് ഓര്‍ത്തുവെക്കാനുള്ളത്. എം ഡി നിതീഷ് രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ രാജസ്ഥാന് ഏഴ് പോയിന്റ് ലഭിച്ചു. കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.