23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ കേരളവും ഗുജറാത്തും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. എ കെ ആകർഷിന്റെ (116*) സെഞ്ചുറിയുടെ മികവിൽ കേരളം രണ്ടാം ഇന്നിങ്‌സ് 287/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

സൂറത്ത് : 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ കേരളവും ഗുജറാത്തും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റിന് 287 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റിന് 94 റണ്‍സെടുത്ത് നില്‌ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ കേരളം 270ഉം ഗുജറാത്ത് 286ഉം റണ്‍സായിരുന്നു നേടിയത്.

മൂന്ന് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ് കേരളം അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. 25 റണ്‍സോടെ എ കെ ആകര്‍ഷും മൂന്ന് റണ്‍സോടെ കാമില്‍ അബൂബക്കറുമായിരുന്നു ക്രീസില്‍.കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 129 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. കാമില്‍ 49 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ എ കെ ആകര്‍ഷ് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് ഇന്നിങ്‌സ് വേഗത്തിലാക്കിയ കേരളത്തിനായി പവന്‍ ശ്രീധര്‍ 40 പന്തുകളില്‍ നിന്ന് 45 റണ്‍സ് നേടി. ക്യാപ്റ്റന്‍ അഭിജിത് പ്രവീണ്‍ ഒന്‍പത് പന്തുകളില്‍ നിന്ന് 24 റണ്‍സും എ കെ ആകര്‍ഷ് 116 റണ്‍സും നേടി പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി കുശന്‍ ശ്യാം പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ബൌളര്‍മാര്‍ കേരളത്തിന് മികച്ച തുടക്കം നല്കി. അഭിജിത് പ്രവീണായിരുന്നു രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാല്‍ തുടര്‍ന്നെത്തിയ രുദ്ര പട്ടേലും കൃഷ് അമിത് ഗുപ്തയും ശക്തമായി നിലയുറപ്പിച്ചതോടെ മത്സരം സമനിലയിലേക്ക് നീങ്ങി. ഗുജറാത്ത് രണ്ട് വിക്കറ്റിന് 94 റണ്‍സെടുത്ത് നില്‌ക്കെ കളി സമനിലയില്‍ അവസാനിച്ചു. രുദ്ര പട്ടേല്‍ 52ഉം കൃഷ് അമിത് ഗുപ്ത 33ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

YouTube video player