ആർ ജി വൺ വനിതാ ടി20 ടൂർണമെന്റ് ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കേരളം കിരീടം നേടി. ആദ്യം ബാറ്റ് ചെയ്ത ബറോഡ 109 റൺസെടുത്തപ്പോൾ, കേരളം 14.5 ഓവറിൽ ലക്ഷ്യം കണ്ടു. കിരൺ നവ്ഗിരെയുടെയും ആശ ശോഭനയുടെയും മികച്ച ബാറ്റിങ്ങാണ് കേരളത്തിന് തുണയായത്.

വഡോദര : ആര്‍ ജി വണ്‍ വനിതാ ട്വന്റി 20 ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ബറോഡ ബാറ്റിങ് നിരയില്‍ ഓപ്പണര്‍മാരായ മെസ്വി പൊകാര്‍, അമൃത ജോസഫ് എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മെസ്വി 28-ഉം അമൃത 22-ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയവര്‍ കേരളത്തിന്റെ മികച്ച ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിങ്‌സ് 109-ല്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്ല സി.എം.സി.യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍ കിരണ്‍ നവ്ഗിരെ മികച്ച തുടക്കം നല്‍കി. 18 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം കിരണ്‍ 38 റണ്‍സ് നേടി. ക്യാപ്റ്റന്‍ ആശ ശോഭന 21 റണ്‍സെടുത്തു. സജന സജീവന്‍ 14-ഉം ദിവ്യ ഗണേഷ് പത്തും റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തുകള്‍ ബാക്കിനില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തന്‍വീര്‍ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

YouTube video player