സി കെ നായിഡു ട്രോഫിയിൽ തമിഴ്‌നാടിനെതിരെ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിവസം കളി നിർത്തുമ്പോൾ തമിഴ്‌നാട് എട്ട് വിക്കറ്റിന് 289 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി അഭിജിത് പ്രവീൺ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ മികച്ച ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 289 റണ്‍സെന്ന നിലയിലാണ് തമിഴ്‌നാട്. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 21 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ തമിഴ്‌നാടിനെ കിരണ്‍ കാര്‍ത്തികേയനും ക്യാപ്റ്റന്‍ മുഹമ്മദ് അലിയും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 75 റണ്‍സെടുത്ത മുഹമ്മദ് അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി അഭിജിത് പ്രവീണാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.

96 റണ്‍സെടുത്ത കിരണ്‍ കാര്‍ത്തികേയനും വൈകാതെ പുറത്തായി. തുടര്‍ന്നെത്തിയ ആര്‍.കെ. ജയന്ത് 21 ഉം ആര്‍.എസ്. അംബ്രീഷ് 18 ഉം സണ്ണി സന്ധു 38 ഉം റണ്‍സെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണ്‍ നാലും ആദിത്യ ബൈജു, അര്‍ജുന്‍ ആര്‍. നായര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

YouTube video player