കേരളത്തിനായി ഒമ്പത് സീസണുകളില്‍ കളിച്ചശേഷമാണ് കഴിഞ്ഞ മാസം കേരളം വിടാനുള്ള തീരുമാനം 38കാരനായ ജലജ് സക്സേന കേര ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്.
മുംബൈ: കേരളത്തിന്‍റെ ഓള്‍ റൗണ്ട് ഇതിഹാസമായിരുന്ന ജലജ് സ്ക്സേന അടുത്ത രഞ്ജി സീസണില്‍ മഹാരാഷ്ട്രക്ക് വേണ്ടി കളിക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിനായി ഒമ്പത് സീസണുകളില്‍ കളിച്ചശേഷമാണ് കഴിഞ്ഞ മാസം കേരളം വിടാനുള്ള തീരുമാനം 38കാരനായ ജലജ് സക്സേന കേര ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് കേരളം വിടുന്നതെന്ന് ജലജ് വ്യക്തമാക്കിയിരുന്നു.
പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു 38കാരനായ ജലജ് സക്സേന കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നത്. ഈ സീസണില്‍ മുംബൈ വിട്ട് യുവതാരം പൃഥ്വി ഷാ മഹാരാഷ്ട്രയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമായ ജലജ് സക്സേനയും മഹാരാഷ്ട്രയില്‍ എത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ 150 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ജലജ് സക്സേന 14 സെഞ്ചുറികളും 34 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 7060 റണ്‍സും 484 വിക്കറ്റുകളും നേടിയിട്ടുണ്ട്.
കേരളത്തിന്‍റെ രക്ഷകന്‍
ആഭ്യന്തര ക്രിക്കറ്റില്‍ 2005ല്‍ മധ്യപ്രദേശിനായി കളി തുടങ്ങിയ ജലജ് സക്സേന 2016ലാണ് കേരളത്തിനായി കളിക്കാനെത്തുന്നത്. കേരളത്തിനായി കളിച്ച 59 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറിയും പത്ത് അർധസെഞ്ച്വറിയും ഉൾപ്പടെ 2215 റൺസും 269 വിക്കറ്റും സ്വന്തമാക്കി. 21 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ കളിച്ചപ്പോള്‍ ജലജിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. നേരത്തെ വിദർഭ ഓൾറൗണ്ടർ ആദിത്യ സർവാതേയും കേരള ടീം വിട്ട് ഛത്തീസ്ഗഡിലേക്ക് ചേക്കേറിയിരുന്നു.


