ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. സൗരാഷ്ട്രക്കെതിരെ മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. നേരത്തെ, നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം മത്സരം 34 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് പന്ത് ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര ലക്ഷ്യം മറികടന്നു.

കേരള നിരയില്‍ സഞ്ജു സാംസണ്‍ (21 പന്തില്‍ 16) നിരാശപ്പെടുത്തി. വിഷ്ണു വിനോദ് (41)- വിനൂപ് മനോഹരന്‍ (47) എന്നിവര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയവര്‍ക്ക് തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. റോബിന്‍ ഉത്തപ്പ (5), സച്ചിന്‍ ബേബി (26), മുഹമ്മദ് അസറുദ്ദീന്‍ (8), സല്‍മാന്‍ നിസാര്‍ (8), സിജോമോന്‍ ജോസഫ് (22), ബേസില്‍ തമ്പി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെ എം ആസിഫ് (2), സന്ദീപ് വാര്യര്‍ (4) എന്നിവര്‍ പൂറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ അപ്രിത് വസവയുടെ (പുറത്താവാതെ 92) ഇന്നിങ്‌സാണ് സൗരാഷ്ട്രയ്ക്ക് തുണയായത്. പ്രേരക മങ്കാദ് (30), ഹര്‍വിക് ദേശായ് (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിനായി പേസര്‍മാരായ ആസിഫ്, സന്ദീപ് വാര്യര്‍, ബേസില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.