ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകാണണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തിയ്യതിയിലും ഐപിഎല്‍ നടക്കില്ലെന്ന് ഉറപ്പാണ്. നിലവില്‍ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. വേദി ചുരുക്കി ഐപിഎല്‍ നടത്തണമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. സ്റ്റാര് സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീറ്റേഴ്‌സണ്‍ തുടര്‍ന്നു... ''ഐപിഎല്‍ നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജൂലൈ- ഓഗസ്റ്റ് മാസങ്ങള്‍ ഐപിഎല്‍ നടത്തുകയാണ് വേണ്ടത്. മൂന്ന് വേദികള്‍ മാത്രം മതി. 

ഐപിഎല്‍ അടുത്ത ക്രിക്കറ്റ് സീസണിന്റെ തുടക്കമാവട്ടെ. ലോകത്തെ ചെറുതും വലുതുമായ ക്രിക്കറ്റ് താരങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ് ഐപില്‍. മത്സരങ്ങള്‍ അടിച്ചിട്ട് സ്റ്റേഡിയത്തില്‍ നടത്തണം.'' പീറ്റേഴ്‌സണ്‍ പറഞ്ഞുനിര്‍ത്തി.