ഏറ്റവും കൂടുതൽ ആവേശം നിറഞ്ഞ പുരുഷവിഭാഗം ഫൈനലിൽ ശക്തരായ പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്.
ദാമന്‍ ദിയു: രണ്ടാം ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ കരുത്തിന്‍റെ പോരാട്ടമായ വടംവലിയിൽ സമ്പൂർണ്ണ ആധിപത്യവുമായി കേരളം. വടക്കൻ സംസ്ഥാനങ്ങളുടെ വെല്ലുവിളിയെ മറികടന്ന് പുരുഷ, വനിതാ, മിക്സഡ് വിഭാഗങ്ങൾ കേരളത്തിനായി മൂന്ന് സ്വർണം സ്വന്തമാക്കി. ഏറ്റവും കൂടുതൽ ആവേശം നിറഞ്ഞ പുരുഷവിഭാഗം ഫൈനലിൽ ശക്തരായ പഞ്ചാബിനെയാണ് കേരളം പരാജയപ്പെടുത്തിയത്. മിക്സഡ് വിഭാഗത്തിൽ കായിക കരുത്തരുടെ നാടായ ഹരിയാനയെയും, വനിതാ വിഭാഗത്തിൽ ആതിഥേയരായ ദാമൻ-ദിയുവിനെ തറപറ്റിച്ചാണ് കേരളത്തിന്‍റെ പെൺപുലികൾ സുവർണ്ണ നേട്ടം നേടിയത്.
കേരളത്തിന്റെ ഈ ഐതിഹാസിക വിജയത്തിന് കളത്തിൽ നേതൃത്വം നൽകിയത് മികവുറ്റ ക്യാപ്റ്റന്മാരാണ്: ഹരീഷ് കെ.ആർ ആയിരുന്നു പുരുഷ ടീം ക്യാപ്റ്റൻ. കലൈശെൽവി ഡി ആയിരുന്നു വനിതാ ടീം ക്യാപ്റ്റൻ. മിക്സഡ് ടീമിനെ മേഘ സി.പി ആണ് നയിച്ചത്.
മണൽത്തിട്ടുകളിൽ കാലുറപ്പിച്ച് വടം വലിക്കാൻ താരങ്ങളെ പ്രാപ്തരാക്കിയത് പരിശീലകരായ ഇർഷാദ്, റെനീഷ്, നിഷാന്ത് എന്നിവരുടെ കൃത്യമായ പ്ലാനിംഗും കഠിനാധ്വാനവുമാണ്. എതിരാളികളുടെ കരുത്ത് ചോർത്തുന്ന തരത്തിലുള്ള തന്ത്രങ്ങൾ മെനഞ്ഞ ഈ പരിശീലകത്രയമാണ് കേരളത്തിന്‍റെ സുവർണ്ണ നേട്ടത്തിന് പിന്നിലെ കരുത്തുകൾ. ഗെയിംസിൽ കേരളത്തിന്‍റെ മെഡൽ വേട്ടയ്ക്ക് ഈ വിജയം വലിയ ഊർജ്ജമാണ് പകരുന്നത്. വടംവലിയിൽ കേരളം പുലർത്തുന്ന മേധാവിത്വം ഒരിക്കൽ കൂടി അടിവരയിടുന്നതായിരുന്നു ദിയുവിലെ പ്രകടനം.


