മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ പിന്‍ഗാമി ആരാകും എന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കിരണ്‍ മോറെ. യുവതാരം റിഷഭ് പന്താണ് കോലിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പുള്ള താരമെന്ന് കിരണ്‍ മോറെ പറഞ്ഞു.

ഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള കഴിവ് റിഷഭ് പന്തിനുണ്ട്. കളിയോടുള്ള റിഷഭ് പന്തിന്‍റെ സമീപനം തന്നെയാണ് അതിനുള്ള കാരണം. വളരെ ഷാര്‍പ്പായി ചിന്തിക്കുന്ന റിഷഭ് പന്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ റിഷഭ് പന്ത് പുലര്‍ത്തുന്ന അച്ചടക്കം ഇക്കാര്യത്തില്‍ പ്രധാനമാണ്. അതുതന്നെയാവും അയാളുടെ ഭാവി തീരുമാനിക്കുകയെന്നും കിരണ്‍ മോറെ വ്യക്തമാക്കി.

Also Read: പേസര്‍മാരല്ല, തലവേദന രണ്ട് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍; തുറന്നുപറഞ്ഞ് ന്യൂസിലന്‍ഡ് താരം
 
​റിഷഭ് പന്തിന്‍റെ കരിയര്‍ നോക്കിയാല്‍ നമുക്ക് ഇക്കാര്യം മനസിലാവും. ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയാണ് അയാളുടെ കരിയര്‍ കടന്നുപോയത്. ലോകകപ്പ് ടീമില്‍ അയാള്‍ക്ക് ആദ്യം ഇടം ലഭിച്ചില്ല. പിന്നീട് ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായി. ടീമില്‍ നിന്ന് പുറത്തായശേഷം തിരിച്ചുവരികയെന്നത് എപ്പോളും കഠിനമാണ്. എന്നാല്‍ അയാള്‍ മാനസികമായും കരുത്തനാണെന്നതിന് തെളിവാണത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്തെന്നും കിരണ്‍ മോറെ പറഞ്ഞു.

Also Read:'ഭാര്യയുടെ ഉടമയല്ല, പങ്കാളിയാണ്'; സൈബര്‍ ആക്രമണത്തിന് ഇര്‍ഫാന്‍ പത്താന്‍റെ മറുപടി

ധോണിയുമായി റിഷഭ് പന്തിനെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും മോറെ മനസുതുറന്നു. വളരെ ചെറിയ പ്രായത്തിലാണ് പന്ത് ടീമിലെത്തിയത്. അതുകൊണ്ടുതന്നെ പക്വത നേടാന്‍ അയാള്‍ സമയമെടുക്കും. അയാള്‍ ചിലപ്പോള്‍ പിഴവുകള്‍ വരുത്തിയേക്കാം. അത് സ്വാഭാവികമാണ്.  എന്നാല്‍ ധോണി ടീമിലെത്തുമ്പോള്‍ യുവതാരമായിരുന്നില്ല. അയാള്‍ പക്വതയാര്‍ന്ന കളിക്കാരനായിരുന്നു. റിഷഭ് പന്താകട്ടെ അണ്ടര്‍ 19 ടീമില്‍ നിന്ന് നേരിട്ട് ഇന്ത്യന്‍ ടീമിലെത്തിയ കളിക്കാരനാണ്. അപൂര്‍വ പ്രതിഭയാണ് റിഷഭ് പന്തെന്നും കിരണ്‍ മോറെ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.