Asianet News MalayalamAsianet News Malayalam

സ്പിന്‍ ഔള്‍റൗണ്ടര്‍ പുറത്ത്! രാഹുലിനും കളിക്കാനാവില്ല, ബുമ്ര തിരിച്ചെത്തും; ഇന്ത്യന്‍ ടീമില്‍ മാറ്റം

കെ എല്‍ രാഹുല്‍ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാല്‍തുടയ്‌ക്കേറ്റ പരിക്കില്‍ നിന്ന് അദ്ദേഹം ഇപ്പോഴും മോചിതനായിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ലണ്ടനിലേക്കയക്കും.

kl rahul and another all rounder out indian team for fifth test
Author
First Published Feb 29, 2024, 3:32 PM IST

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുമ്പ് പേസര്‍ ജസ്പ്രിത് ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം, കെ എല്‍ രാഹുല്‍ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാല്‍തുടയ്‌ക്കേറ്റ പരിക്കില്‍ നിന്ന് അദ്ദേഹം ഇപ്പോഴും മോചിതനായിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ലണ്ടനിലേക്കയക്കും. പരിക്ക് മാറാന്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാലിപ്പോഴും താരത്തിന് വേദന അനുഭവപ്പെടുന്നുണ്ട്. ടീമിലെ പ്രധാന താരമെന്ന പരിഗണയുണ്ട് രാഹുലിന്. അതുകൊണ്ടുതന്നെ കൂടുതല്‍ ജോലി ഏല്‍പ്പിക്കാതിരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.

മാത്രമല്ല, സ്പിന്‍ ഔള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ നിന്നൊഴിവാക്കി. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിക്കാനാണ് അദ്ദേഹത്തെ വിട്ടുകൊടുത്തത്. മാര്‍ച്ച് രണ്ടിന് മുംബൈക്കെതിരെയാണ് മത്സരം. ആവശ്യമെങ്കില്‍ രഞ്ജി പൂര്‍ത്തിയാക്കിയ ശേഷം സുന്ദര്‍ ടീമിനൊപ്പം ചേരും. ധരംശാലയില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ഒരുക്കാന്‍ സാധ്യത. ബുമ്രയ്‌ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ കളിച്ചേക്കും.

ഏറ്റവും മികച്ച തീരുമാനം! ഇഷാനേയും ശ്രേയസിനേയും വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കിയ നടപടിയെ പിന്തുണച്ച് ശാസ്ത്രി

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍, കെ എസ് ഭരത്, ദേവദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Latest Videos
Follow Us:
Download App:
  • android
  • ios