സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് ആരെയാവും. സംശയമില്ലാതെ പറയാം എം എസ് ധോണിയെന്ന വിക്കറ്റ് കീപ്പറെ തന്നെ. കാരണം, അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനുള്ള ഡിആര്‍എസ് എടുക്കുന്നതില്‍ ധോണിയുടെ കൃത്യത തന്നെ. ഡിആര്‍എസിനെ ധോണി റിവ്യു സിസ്റ്റം എന്നുപോലും ഇന്ത്യന്‍ ആരാധകര്‍ വിളിച്ചത് ഈ കൃത്യത കൊണ്ടായിരുന്നു.

എന്നാല്‍ ധോണിയുടെ സ്ഥാനത്ത് കെ എല്‍ രാഹുല്‍ എത്തിയതോടെ ഇന്ത്യക്ക് ഡിആര്‍എസില്‍ തൊട്ടതെല്ലാം പാളുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. മൂന്നാം ടി20യില്‍ ഓസ്ട്രേലിയയുടെ ടോപ് സ്കോററായ മാത്യു വെയ്ഡിന്‍റെ ഉറപ്പായിരുന്ന വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം രാഹുലിന്‍റെ പിഴവുകൊണ്ട് നഷ്ടമായത്. 35 പന്തില്‍ വെയ്ഡ് 50 റണ്‍സില്‍ നില്‍ക്കെ നടരാജന്‍ വെയ്ഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും നടരാജനും രാഹുലിനും ഉറപ്പില്ലാത്തതിനാല്‍ കോലി ഡിആര്‍എസ് വിളിക്കാന്‍ വൈകി.

ഒടുവില്‍ ഡിആര്‍എശ് എടുത്തപ്പോഴേക്കും സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കാണിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കോലിയുടെ ഡിആര്‍എസ് അമ്പയര്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ റീപ്ലേയില്‍ വെയ്ഡ് ഔട്ടാണെന്ന് വ്യക്തമായിരുന്നു. പിന്നീട് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് വെയ്ഡ് മടങ്ങിയത്. പതിന‌ഞ്ചാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ക്യാച്ചിനായി അപ്പീല്‍ ചെയ്ത രാഹുല്‍ ഡിആര്‍എസിനായി കോലിയെ പ്രേരിപ്പിച്ചു.

എന്നാല്‍ റീപ്ലേകളില്‍ അത് ഔട്ടല്ലെന്ന് വ്യക്തമാകുകയും ചെയ്തു. ഇതിന് പിന്നാലെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ പതിനേഴാം ഓവറില്‍ മാക്സ്‌വെല്ലിന്‍റെ ക്യാച്ചിനായി രാഹുല്‍ വീണ്ടും ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഡിആര്‍എസ് വേണോ എന്ന കാര്യത്തില്‍ രാഹുലിന് വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു. ഒടുവില്‍ കോലി സ്വന്തം ബോധ്യത്തില്‍ ഡിആര്‍എസ് എടുത്തുവെങ്കിലും അതും ഔട്ടല്ലെന്ന് വ്യക്തമായി.

വിക്കറ്റിന് പിന്നില്‍ ധോണിയെടുക്കുന്ന തീരുമാനങ്ങള്‍ ക്യാപ്റ്റന്‍ കോലിക്ക് വലിയ സഹായമായിരുന്നുവെങ്കില്‍ ഭാവി ക്യാപ്റ്റനായി കരുതുന്ന കെ എല്‍ രാഹുലിന്‍റെ ഭാഗത്തുനിന്ന് കാര്യമായ സഹായങ്ങള്‍ ഡിആര്‍എസിന്‍റെ കാര്യത്തില്‍ കോലിക്ക് കിട്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഡിആര്‍എസ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ കോലി ആദ്യം നോക്കുന്നത് ധോണിയെ ആയിരുന്നു. എന്നാല്‍ ഡിആര്‍എസില്‍ അങ്ങനെ ആശ്രയിക്കാവുന്നൊരു വിക്കറ്റ് കീപ്പറാവാന്‍ രാഹുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുപോലെ യുസ്‌വേന്ദ്ര ചാഹല്‍ പന്തെറിയുമ്പോള്‍ ധോണി നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ എത്രമാത്രം ഗുണകരമായിരുന്നുവെന്ന് ചാഹല്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മൂന്നാം ടി20യില്‍ സ്വിച്ച് ഹിറ്റിലൂടെ മാക്സ്‌വെല്‍ ചാഹലിനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തുമ്പോഴും രാഹുല്‍ എന്തെങ്കിലും ഇടപെടല്‍ നടത്തുന്നതും കാണാനില്ലായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോഴാകട്ടെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പന്തില്‍ സിക്സിന് ശ്രമിച്ച് രാഹുല്‍ പുറത്തായതും ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി.