സെഞ്ചുറി പൂര്‍ത്തിയാക്കിയ പന്ത് എന്തായാലും രാഹുലിനും ബാറ്റിംഗിന് അവസരം നല്‍കി. 109 റണ്‍സെടുത്ത പന്ത് മെഹ്ദി ഹസന്‍റെ പന്തില്‍ പുറത്തായതോടെ ഒടുവില്‍ രാഹുല്‍ ക്രീസിലെത്തി.
ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം റിഷഭ് പന്തിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ ലീഡ് ഉറപ്പാക്കിയത്. രണ്ട് വര്‍ഷം മുമ്പുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷം 638 ദിവസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച റിഷഭ് പന്ത് സെഞ്ചുറിയുമായാണ് മടങ്ങിവരവ് ആഘോഷിച്ചത്.
എന്നാല്‍ സെഞ്ചുറിയിലെത്തും മുമ്പ് 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈൻ ഷാന്‍റോ നിലത്തിട്ടിരുന്നു. പന്ത് പന്ത് ആകാശത്തേക്ക് ഉയര്‍ത്തി അടിച്ചപ്പോള്‍ തന്നെ ഔട്ടെന്ന് ഉറപ്പിച്ച് അടുത്ത് ബാറ്റ് ചെയ്യാനായി കെ എല്‍ രാഹുല്‍ ഹെല്‍മെറ്റും ബാറ്റും എടുത്ത് ക്രീസിലിറങ്ങാനായി കസേരയില്‍ നിന്നെഴുന്നേറ്റെങ്കിലും അവിശ്വസനീയനായി ഷാന്‍റോ ക്യാച്ച് കൈവിട്ടതോടെ ചമ്മലോടെ രാഹുല്‍ വീണ്ടും കസേരയില്‍ തന്നെ ഇരുന്നു.
സെഞ്ചുറി പൂര്‍ത്തിയാക്കിയ പന്ത് എന്തായാലും രാഹുലിനും ബാറ്റിംഗിന് അവസരം നല്‍കി. 109 റണ്‍സെടുത്ത പന്ത് മെഹ്ദി ഹസന്‍റെ പന്തില്‍ പുറത്തായതോടെ ഒടുവില്‍ രാഹുല്‍ ക്രീസിലെത്തി. ആദ്യ ഇന്നിംഗ്സില്‍ അമിത പ്രതിരോധത്തിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റു വാങ്ങിയ രാഹുല്‍ പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ 19 പന്തില്‍ നാലു ബൗണ്ടറി അടക്കം 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 119 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരുന്നു ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ രാഹുലിനൊപ്പം ക്രീസില്‍. ആദ്യ ഇന്നിംഗ്സില്‍ 52 പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത രാഹുലിന് തിളങ്ങാനായിരുന്നില്ല.
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം 280 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. 515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 236 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹൗസൈന്‍ ഷാന്‍റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയുടെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.
