Asianet News MalayalamAsianet News Malayalam

'ആരും പെര്‍ഫക്ട് അല്ല', സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് പ്രതികരിച്ച് കെ എല്‍ രാഹുല്‍

സ്ട്രൈക്ക് റേറ്റ് സാഹചര്യത്തിന് അനുസരിച്ചാണ് വിലയിരുത്തേണ്ടത്. ചില മത്സരങ്ങളില്‍ 100 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താലും കളി ജയിപ്പിക്കാനാവും. അതുകൊണ്ടുതന്നെ എല്ലാ കളികളിലും 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ടതുണ്ടോ എന്നതാണ് ചോദ്യം. 120-130 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താലും ടീം ജയിച്ചാല്‍ പോരെ. ഇതൊന്നും ആരും വിലയിരുത്താറില്ലെന്നും രാഹുല്‍ പറഞ്ഞു.

KL Rahul openes up on the criticism of his strike rate, says no one is perfect
Author
First Published Sep 19, 2022, 6:31 PM IST

മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍ നടക്കാനിരിക്കെ ഏഷ്യാ കപ്പിലെ മോശം സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെ എല്‍ രാഹുല്‍. ഓപ്പണറെന്ന നിലയില്‍ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ആരും പെര്‍ഫെക്ട് അല്ലെന്നും എല്ലാവരും ഓരോ തരത്തില്‍ പലകാര്യങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും രാഹുല്‍ മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് രാഹുല്‍ പറഞ്ഞു.

എല്ലാ കളിക്കാരും ഓരോ തരത്തില്‍ മെച്ചപ്പെടാനുള്ള ശ്രമങ്ങള്‍ എല്ലായ്പ്പോഴും നടത്തുന്നുണ്ട്. ആരും പെര്‍ഫെക്ട് അല്ല. സ്ട്രൈക്ക് റേറ്റ് സാഹചര്യത്തിന് അനുസരിച്ചാണ് വിലയിരുത്തേണ്ടത്. ചില മത്സരങ്ങളില്‍ 100 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താലും കളി ജയിപ്പിക്കാനാവും. അതുകൊണ്ടുതന്നെ എല്ലാ കളികളിലും 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ടതുണ്ടോ എന്നതാണ് ചോദ്യം. 120-130 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താലും ടീം ജയിച്ചാല്‍ പോരെ. ഇതൊന്നും ആരും വിലയിരുത്താറില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര: ആദ്യ പോരാട്ടം നാളെ, മത്സരം കാണാന്‍ ഈ വഴികള്‍

സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താന്‍ താന്‍ പരിശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞ 10-12 മാസമായി ടീമിലെ ഓരോ കളിക്കാരനും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണെന്നും അതിന് അനുസരിച്ചാണ് ടീം മുന്നോട്ട് പോകുന്നതെന്നും രാഹുല്‍ പറഞ്ഞു. ഓപ്പണിംഗ് ബാറ്ററെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടാനാണ് ഞാന്‍ ഓരോ മത്സരത്തിലും ശ്രമിക്കുന്നത്. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ മത്സരത്തില്‍ എങ്ങനെ ഇംപാക്ട് സൃഷ്ടിക്കാമെന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും രാഹുല്‍ പറഞ്ഞു.

ടീം അംഗങ്ങള്‍ക്കിടയില്‍ ഒരു സുരക്ഷിതത്വ ബോധം ഉണ്ടാക്കാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കഴിഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. തെറ്റുകള്‍ വരുത്തിയാലും പരാജയപ്പെട്ടാലും അതിന്‍റെ പേരില്‍ കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന രീതിയല്ല ഡ്രസ്സിംഗ് റൂമിലുള്ളത്. കളിക്കാര്‍ക്കെതിരെ വിമര്‍ശനങ്ങളുണ്ടാകാം. എന്നാല്‍ ക്യാപ്റ്റനും കോച്ചും സഹതാരങ്ങളും കളിക്കാരനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നതാണ് പ്രധാനം.

ധോണിയോടും കോലിയോടുമെന്നും വീരാരാധന വേണ്ട, ഇന്ത്യന്‍ ക്രിക്കറ്റിനെ സ്നേഹിക്കൂവെന്ന് ഗംഭീര്‍

എല്ലാവരും അവരുടെ ഏറ്റവും മികച്ച പ്രടനം നടത്താന്‍ വേണ്ടിയാണ് ഓരോ മത്സരത്തിനും ഇറങ്ങുന്നത്. എന്നാല്‍ എല്ലാവര്‍ക്കും എല്ലാ കളികളിലും മികവ് കാട്ടാനാവില്ല. അതുകൊണ്ടുതന്നെ പരാജയപ്പെട്ടത്തിന്‍റെയോ പിഴവ് വരുത്തിയതിന്‍റെയോ പേരില്‍ കോച്ചോ ക്യാപ്റ്റനോ ആരെയും കുറ്റപ്പെടുത്താറില്ലെന്നും ഇത് ടീം അംഗങ്ങള്‍ക്ക് വലിയ സുരക്ഷിതത്വ ബോധമാണ് നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ 61 മത്സരങ്ങളില്‍ രാഹുലിന് 140.91 സ്ട്രൈക്ക് റേറ്റുണ്ടെങ്കിലും അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ തുടക്കത്തിലെ രാഹുലിന്‍റെ മെല്ലെപ്പോക്ക് ഇന്ത്യന്‍ സ്കോറിംഗിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios