ഓസ്ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 412 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം 169/2 എന്ന നിലയിലാണ്.
ലക്നൗ: ഓസ്ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. നാലാം ഇന്നിംഗ്സില്‍ 412 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിട്ടുണ്ട്. 92 പന്തില്‍ 74 റണ്‍സെടുത്ത ഓപ്പണര്‍ കെ എൽ രാഹുലിന്‍റെയും 44 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സായ് സുദര്‍ശന്‍റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. ഒരു റണ്ണുമായി മാനവ് സുതാറാണ് സുദര്‍ശനൊപ്പം ക്രീസിലുള്ളത്.
ഓപ്പണര്‍ എൻ ജഗദീശന്‍, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുല്‍-ജഗദീശന്‍ സഖ്യം 84 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 36 റണ്‍സെടുത്ത ജഗദീശനെ ടോഡ് മര്‍ഫി വീഴ്ത്തി. മൂന്നാം നമ്പറിലെത്തിയ സായ് സുദര്‍ശനും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തി പ്രതീക്ഷ നല്‍കിയപ്പോഴാണ് രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. ഫിസിയോയുടെ സഹായം തേടിയാണ് രാഹുല്‍ ഗ്രൗണ്ട് വിട്ടത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്‍പ്പെട്ട രാഹുലിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.
ടെസ്റ്റ് ടീമിലെത്തിയതിന് പിന്നാലെ പടിക്കലിന് നിരാശ
രാഹുല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതോടെ ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തിലെ മികവ് ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരത്തില്‍ 150 റണ്‍സടിച്ച് ദേവ്ദത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും ഇടം നേടിയിരുന്നു. എന്നാല്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് എട്ട് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് ടോഡ് മര്‍ഫിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടെത്തിയ മാനവ് സുതാര്‍ സുദര്‍ശനൊപ്പം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 169ല്‍ എത്തിച്ചു.
നേരത്തെ 226 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ എയെ 185 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ വിജയപ്രതീക്ഷ നിലനിര്‍ത്തിയത്. ഇന്ത്യക്കായി മാനവ് സുതാറും ഗുര്‍ണൂര്‍ ബ്രാറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം സമനിലയായിരുന്നു.


