ഏഷ്യാ കപ്പ് ഫൈനലുറപ്പിച്ച ഇന്ത്യ, അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയെ നേരിടും. മത്സരഫലത്തിന് പ്രധാന്യമില്ലാത്തതിനാല്‍ സഞ്ജു സാംസൺ ഉള്‍പ്പെെടെയുള്ള താരങ്ങൾക്ക് വിശ്രമം നൽകാന്‍ സാധ്യത.
ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിച്ച ഇന്ത്യ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ നാളെ ശ്രീലങ്കയെ നേരിടും. ബംഗ്ലാദശിനെ വീഴ്ത്തി ഇന്ത്യ ഫൈനലുറപ്പിക്കുകയും പാകിസ്ഥാനോട് തോറ്റ ശ്രീലങ്ക ഫൈനല്‍ കാണാതെ പുറത്താകുകയും ചെയ്ത പശ്ചാത്തലത്തില്‍ മത്സരഫലത്തിന് പ്രധാന്യമില്ലാത്തതിനാല്‍ ഇരു ടീമിലും കാര്യമായ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉൾള്‍പ്പെടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാകും നാളെ ശ്രീലങ്കക്കെിരെ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക.
മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരക്കാരനായി റിങ്കു സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബൗളിംഗ് നിരയിലും നാളെ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഫൈനലിന് മുമ്പ് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ അര്‍ഷ്ദീപ് സിംഗ് വീണ്ടും പ്ലേയിംഗ് ഇലവനിലെത്തും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നു.
ബൗളിംഗ് നിരയിലും മാറ്റം
കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലൊരാള്‍ക്ക് വിശ്രമം നല്‍കിയാല്‍ പകരം ഹര്‍ഷിത് റാണ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തും. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 41 റണ്‍സിന്‍റെ ആധികാരിക ജയം നേടിയെങ്കിലും ബാറ്റിംഗ് നിരയില്‍ നടത്തിയ അനാവശ്യം പരീക്ഷണങ്ങള്‍ തിരിച്ചടിയായിരുന്നു.
മൂന്നാം നമ്പറിലിറങ്ങിയ ശിവം ദുബെയും ഫിനിഷറായി കളിച്ച അക്സര്‍ പട്ടേലും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനും തിലക് വര്‍മക്കും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഈ സാഹചര്യത്തിൽ ഫൈനലിന് മുമ്പ് ഇന്ത്യയുടെ മധ്യനിരക്ക് ഫോം വീണ്ടെടുക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും നാളത്തെ ശ്രീലങ്കക്കെതിരായ മത്സരം.
ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ 4 മത്സരങ്ങളിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.


