വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിലിടം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈ മാസം 20ന് പ്രഖ്യാപിക്കും. ഐപിഎല്ലിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ബാറ്റിംഗ് പരിശീലനത്തിന് പുറമെ വിക്കറ്റ് കീപ്പിംഗ് പരിശീലനവും പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, പരിക്കില്‍ നിന്ന് മോചിതനായെങ്കിലും പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത ശ്രേയസ് അയ്യരെ ഏഷ്യാ കപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസിന്‍റെ പരിക്ക് പൂര്‍ണമായും മാറിയെങ്കിലും മാച്ച് ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ശ്രേയസിനെ ഏഷ്യാ കപ്പിനുശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്കെ പരിഗണിക്കൂ.

അതേസമയം, വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിലിടം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടി20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഒമ്പതും 51 ഉം റണ്‍സെടുത്ത സഞ്ജുവിന് പക്ഷെ ടി20 പരമ്പരയില്‍ ബാറ്റിംഗിനിറങ്ങിയ മൂന്ന് കളികളില്‍ 12,7, 13 എന്നിങ്ങനെയെ സ്കോര്‍ ചെയ്യാനായുള്ളു.

ഏകദിനത്തില്‍ 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും കെ എല്‍ രാഹുല്‍ തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. രണ്ടാം വിക്കറ്റ് കീപ്പറായി വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ഇഷാന്‍ കിഷന്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഷഹീന്‍ അഫ്രീദിയെയും ഹാരിസ് റൗഫിനെയും നെറ്റ്സില്‍ നേരിടുന്ന ഞങ്ങള്‍ ബുമ്രയെ പേടിക്കണോ, തുറന്നു പറഞ്ഞ് പാക് താരം

ഏകദിന ടീമിലേക്കുള്ള ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവും ഏഷ്യാ കപ്പിലുണ്ടാകും. പ്രസിദ്ധ് കൃഷ്ണയാണ് ഏഷ്യാ കപ്പ് ടീമിലിടം നേടാനിടയുള്ള മറ്റൊരു പേസര്‍. നാളെ നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20യില്‍ പ്രസിദ്ധിന്‍റെ പ്രകടനം നോക്കിയാകും തീരുമാനമെടുക്കുക. 20ന് ഏഷ്യാ കപ്പ് ടീമിനെ മാത്രമെ പ്രഖ്യാപിക്കു. ലോകകപ്പ് ടീമിനെ പിന്നീടെ പ്രഖ്യാപിക്കാനിടയുള്ളു. സെപ്റ്റംബര്‍ അഞ്ചിന് മുമ്പാണ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക