അങ്കമാലി ഫിസാറ്റ് കോളേജിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് അത്യാധുനിക ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസ് ആരംഭിച്ചു. മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ കൺവേർട്ടബിൾ നാച്ചുറൽ ടർഫാണ് ഒരുക്കിയിരിക്കുന്നത്.

അങ്കമാലി: അത്യാധുനിക ക്രിക്കറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സുമായി കേരള ക്രിക്കറ്റ് ലീഗിലെ പ്രധാന ഫ്രാഞ്ചൈസിയും രണ്ടാം സീസണിലെ കിരീട ജേതാക്കളുമായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആര്‍ വണ്‍ സിക്‌സുമായി സഹകരിച്ച് അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച 'ബ്ലൂ ടൈഗേഴ്സ് ആര്‍16 സെന്റര്‍ ഓഫ് എക്സലന്‍സ്' ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടര്‍ഫിലെത്തിയ മന്ത്രി ബാറ്റ് വീശി. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് മന്ത്രിക്ക് വേണ്ടി പന്തെറിഞ്ഞത്.

അങ്കമാലി ഫിസാറ്റ് കോളേജിന്റെ 5.4 ഏക്കര്‍ വിശാലമായ ഗ്രൗണ്ടിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍16, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, ഇംപീരിയല്‍ കിച്ചന്‍ മാനേജിങ് ഡയറക്ടര്‍ അനസ് താഹ, മസ്‌കറ്റ് വ്യവസായി നൗഷാദ് എന്നിവരാണ് സെന്ററിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ ആദ്യമായി ഒരുക്കുന്ന കണ്‍വേര്‍ട്ടബിള്‍ നാച്ചുറല്‍ ടര്‍ഫാണ് കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണം. മഴയുള്ളപ്പോള്‍ ടര്‍ഫ് പൂര്‍ണ്ണമായും ഇന്‍ഡോര്‍ ആക്കി മാറ്റാനും അല്ലാത്തപ്പോള്‍ ഔട്ട്ഡോര്‍ ആയി ഉപയോഗിക്കാനും സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം.

ഇതുവഴി സ്വാഭാവിക സൂര്യപ്രകാശം ലഭിക്കുകയും മഴക്കാലത്ത് പരിശീലനം മുടങ്ങാതിരിക്കുകയും ചെയ്യും. പരിശീലനത്തിനായി മൂന്ന് പിച്ചുകളാണ് കണ്‍വേര്‍ട്ടബിള്‍ ടര്‍ഫിലുള്ളത്. ഇതിനു പുറമെ നോര്‍മല്‍ ഇന്‍ഡോര്‍ ടര്‍ഫും ഓപ്പണ്‍ പ്രാക്ടീസ് പിച്ചും ഇവിടെയുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മുഖ്യ പരിശീലകനായിരുന്ന മുന്‍ കേരള രഞ്ജി ട്രോഫി താരം റൈഫി വിന്‍സെന്റ് ഗോമസ് ആണ് അക്കാദമിയുടെ പരിശീലക നിരയ്ക്ക് നേതൃത്വം നല്‍കുന്നത്. ഐ.പി.എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള, പൂനെ വാരിയേഴ്‌സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള പ്രമുഖ ഓള്‍റൗണ്ടര്‍ കൂടിയാണ് അദ്ദേഹം.

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ കോച്ചിങ് ഡയറക്ടറായ ദീപക് സി.എം ആണ് അക്കാദമിയുടെ മറ്റൊരു പ്രധാന പരിശീലകന്‍. ഇവര്‍ക്ക് പുറമെ കേരളത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളായ സനൂത് ഇബ്രാഹിം, എസ്. അനീഷ് എന്നിവരും പരിശീലക സംഘത്തിലുണ്ട്. മുന്‍ കേരള താരവും പ്രമുഖ പരിശീലകനുമായ റോബര്‍ട്ട് ഫെര്‍ണാണ്ടസ് അക്കാദമിയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി എത്തും. രണ്ട് വനിതാ കോച്ചുമാര്‍, രണ്ട് ട്രെയിനര്‍മാര്‍ എന്നിവരുള്‍പ്പെടെ ആകെ ഒമ്പത് പേരടങ്ങുന്ന പരിശീലക സംഘമാണ് സെന്ററിന്റെ കരുത്ത്.

തിരഞ്ഞെടുക്കപ്പെട്ട 28 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ഒരു വര്‍ഷത്തെ സൗജന്യ പരിശീലനം നല്‍കും.10 പെണ്‍കുട്ടികള്‍ക്കും 18 ആണ്‍കുട്ടികള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ 25 പേര്‍ക്ക് സൗജന്യമായി ക്രിക്കറ്റ് കിറ്റുകള്‍ നല്‍കാനും പദ്ധതിയുണ്ട്. പരിശീലനത്തിനെത്തുന്ന എല്ലാ കുട്ടികള്‍ക്കും ജേഴ്‌സിയും ക്യാപ്പും അക്കാദമി നല്‍കും. 'ബ്ലൂ ടൈഗേഴ്സിന്റെ വലിയൊരു ലക്ഷ്യമാണ് പുതിയ സംരംഭത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. താഴെത്തട്ടില്‍ നിന്ന് മികച്ച കായിക പ്രതിഭകളെ കണ്ടെത്തി, അവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. കേരള ക്രിക്കറ്റിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പുതിയ താരങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' - ബ്ലൂടൈഗേഴ്‌സ് ആര്‍ 16 ഉടമകള്‍ വ്യക്തമാക്കി.

കെ.സി.എല്ലില്‍ മാത്രം ഒതുങ്ങാതെ കേരള ക്രിക്കറ്റിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയാണ് ബ്ലൂടൈ?ഗേഴ്‌സ്. സംസ്ഥാനത്തെ കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാ?ഗമായാണ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. കേരളത്തില്‍ സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രി അതിവേഗം വളരുന്ന സാഹചര്യത്തില്‍ കായിക മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിക്കാനും പരിശീലകര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍, സ്‌പോര്‍ട്‌സ് മാനേജ്മെന്റ് പ്രൊഫഷണലുകള്‍ തുടങ്ങി നിരവധിപ്പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സതീശന്‍ എ, തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇഗ്‌നി മാത്യു, സെക്രട്ടറി ജോസ് പോള്‍, അംപയര്‍ ടോണി ഇമ്മട്ടി, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഹ ഉടമ എം. ശിവപ്രസാദ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സിഇഒ രഘു രാമചന്ദ്രന്‍ , ഫിസാറ്റ് കോളെജ് ചെയര്‍മാന്‍ ഷിമിത്ത് പി.ആര്‍ എന്നിവരും പങ്കെടുത്തു.

YouTube video player