കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗെഴ്സും തമ്മിലാണ് കിരീടപ്പോരാട്ടം.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. നിലവിലെ ജേതാക്കളായ കൊല്ലം സെയ്‌ലേഴ്‌സും കന്നിക്കിരീടം ലക്ഷ്യമിടുന്ന കൊച്ചി ബ്ലൂ ടൈഗെഴ്സും വൈകിട്ട് ആറരക്ക് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. 16 ക്രിക്കറ്റ് ദിനങ്ങള്‍. 32 വാശിയേറിയ പോരാട്ടങ്ങള്‍. കിരീടം ആര് തൂക്കുമെന്ന ചോദ്യത്തിന് ഇന്നു കാര്യവട്ടത്ത് ഉത്തരം ലഭിക്കും. തങ്ങളല്ലാതെ മറ്റൊരു ചാമ്പ്യന്‍ ഇല്ലെന്ന് പ്രഖ്യാപിക്കാന്‍ സച്ചിന്‍ ബേബിയുടെ കൊല്ലം സെയ്ലേഴ്‌സ്. സഞ്ജു സാംസണ്‍ പാതിവഴിയില്‍ മടങ്ങിയിട്ടും വീര്യം വിടാത്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ്.

ലീഗില്‍ കളിച്ച പത്തിനൊന്നില്‍ ഒന്‍പത്തും ജയിച്ചാണ് സാലി സംസണും സംഘവും ഫൈനലിനു ഇറങ്ങുന്നത്. വിട്ടുകൊടുക്കാതെ പൊരുതുന്ന യുവനിര കരുത്ത്. സഞ്ജുവായിരുന്നു ബാറ്റിംഗ് നെടും തൂണ്‍. ഏഷ്യ കപ്പിനായി താരം മടങ്ങിയെങ്കിലും അവസരത്തിനൊത്തുയര്‍ന്ന് വിനൂപ് മനോഹരനും അജീഷും മുഹമ്മദ് ഷാനുവും. സെമിയിലും അര്‍ദ്ധസേച്വറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ടി നിഖില്‍, ടൂര്‍ണമെന്റിന്റെ കണ്ടെത്തലായ ഓള്‍റൗണ്ടര്‍ മുഹമ്മദ് ആഷിക്ക്, വെറ്ററന്‍ പേസര്‍ കെ എം ആസിഫ്, സ്പിന്നര്‍ പി എസ് ജെറിന്‍. എന്നിങ്ങനെ നീളുന്നു ബ്ലൂ ടൈഗേഴ്‌സിന്റെ നിര.

നിലവിലെ ചാമ്പ്യന്മാരെങ്കിലും ഇടറി ഇടറിയാണ് കൊല്ലം സെയ്‌ലേഴ്‌സ് സെമി കണ്ടത്. തൃശ്ശൂര്‍ ടൈറ്റന്‍സിനെ ഏകപക്ഷീയമായി വീഴ്ത്തി ഫൈനലില്‍. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, അഭിഷേക് നായര്‍ എന്നിവര്‍ അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര. അമലും അജയഘോഷും ഷറഫുദീനും നയിക്കുന്ന ബൗളിംഗ് യൂണിറ്റ്. രണ്ടാം സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ബ്ലൂ ടൈഗേഴ്‌സിനായിരുന്നു ജയം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: വിനൂപ് മനോഹരന്‍, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുല്‍ ശക്തി, നിഖില്‍ ടി, മുഹമ്മദ് ആഷിക്, സാലി സാംസണ്‍ (ക്യാപ്റ്റന്‍), ജോബിന്‍ ജോബി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, ജെറിന്‍ പി എസ്, കെ എം ആസിഫ്.

കൊല്ലം സെയ്‌ലേഴ്‌സ്: അഭിഷേക് നായര്‍, ഭരത് സൂര്യ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), വത്സല്‍ ഗോവിന്ദ്, ഷറഫുദ്ദീന്‍, എം സജീവന്‍ അഖില്‍, അമല്‍ എ ജി, പവന്‍ രാജ്, വിജയ് വിശ്വനാഥ്, അജയഘോഷ് എന്‍ എസ്.

YouTube video player