കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളായി. കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിന് തകർത്താണ് ബ്ലൂ ടൈഗേഴ്‌സ് കിരീടം നേടിയത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കള്‍. നിലവില്‍ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 30 പന്തില്‍ 70 റണ്‍സ് നേടിയ വിനൂപ് മനോഹരനാണ് ടീമിന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴസ് 16.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പി എസ് ജെറിനാണ് സെയ്‌ലേഴ്‌സിനെ തകര്‍ത്തത്. മുഹമ്മദ് ആഷിഖ്, കെ എം ആസിഫ്, സാലി സാംസണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെ ആയിരുന്നു സെയ്‌ലേഴ്‌സിന്റെ തുടക്കം. പവര്‍ പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഭരത് സൂര്യ (6) മടങ്ങി. പിന്നാലെ അഭിഷേക് നായരും (13), വത്സല്‍ ഗോവിന്ദും (10) പവലിയനില്‍ തിരിച്ചെത്തി. ഇതോടെ 5.2 ഓവറില്‍ മൂന്നിന് 46 എന്ന നിലയിലായി സെയ്‌ലേഴ്‌സ്. സച്ചിന്‍ ബേബിയും (17) - വിഷ്ണു വിനോദും (10) ക്രീസില്‍ നില്‍ക്കെ സെയ്‌ലേഴ്‌സ് ജയിക്കുമെന്ന പ്രതീതി ഉണ്ടായിരുന്നു. എന്നാല്‍ സച്ചിനെ മടക്കി അജീഷ് ആ പ്രതീക്ഷ കെടുത്തു.
പിന്നാലെ വിഷ്ണുവിനെ, ജെറിന്‍ ബൗള്‍ഡാക്കി. സജീന്‍ അഖില്‍ (2), രാഹുല്‍ ശര്‍മ (5), ഷറഫുദീന്‍ (6) എന്നിവര്‍ക്ക് അവസരത്തിനൊത്ത് തിളങ്ങാനായതുമില്ല. വൈകാതെ അമല്‍ (1), അജയ്‌ഘോഷ് (0) എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ മുഹമ്മദ് ആഷിഖ് പുറത്താക്കിയതോടെ ബ്ലൂ ടൈഗേഴ്‌സ് വിജയം ആഘോഷിച്ചു.
നേരത്തെ, തുടക്കത്തില്‍ തന്നെ ബ്ലൂ ടൈഗേഴ്‌സിന് ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സുള്ളപ്പോള്‍ വിപുള്‍ ശക്തി (1) മടങ്ങി. എങ്കിലും ഒരറ്റത്ത് വിനൂപ് കൂറ്റനടികള്‍ തുടര്‍ന്നു. സാലിക്കോപ്പം 75 റണ്‍സാണ് വിനൂപ് കൂട്ടിചേര്‍ത്തത്. ഇതില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു സാലിയുടെ സംഭാവന. വിനൂപ് മടങ്ങിയതോടെ ബ്ലൂ ടൈഗേഴ്‌സിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. സാലി (8), മുഹമ്മദ് ഷാനു (10), നിഖില്‍ (10), അജീഷ് (0), ജോബിന്‍ ജോബി (12), മുഹമ്മദ് ആഷിക് (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (25 പന്തില്‍ 47) നടത്തിയ പ്രകടനം ബ്ലൂ ടൈഗേഴ്‌സിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചു. ജെറിന്‍ (2) പുറത്താവാതെ നിന്നു. സെയ്‌ലേഴ്‌സിന് വേണ്ടി പ്രണവ് രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

