നാലു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിന് ശേഷം രവീന്ദ്ര ജഡേജയുടെയും വിരാട് കോലിയുടെയും ശ്രീകര്‍ ഭരത്തിന്‍റെയും വിക്കറ്റുകള്‍ കൂടി നഷ്ടമായി.
ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ രവിചന്ദ്ര അശ്വിനും 28 റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഓസ്ട്രേിലയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 84 റണ്‍സ് കൂടി വേണം. അഞ്ച് വിക്കറ്റെടുത്ത നേഥന്‍ ലിയോണാണ് ഇന്ത്യയെ കറക്കിയിട്ടത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിന് ശേഷം രവീന്ദ്ര ജഡേജയുടെയും വിരാട് കോലിയുടെയും ശ്രീകര്‍ ഭരത്തിന്‍റെയും വിക്കറ്റുകള്‍ കൂടി നഷ്ടമായി. 66-4 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ജഡേജയും വിരാട് കോലിയും കരകയറ്റുമെന്ന് കരുതിയിരിക്കെ ജഡേജയെ(26) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ടോഡ് മര്‍ഫിയാണ് ഓസീസിന്‍റെ പിടി മുറുക്കിയത്.
പിന്നാലെ വിരാട് കോലിയെ മാത്യു കുനെമാന്‍ വിവാദ തീരുമാനത്തിലൂടെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 84 പന്തില്‍ 44 റണ്‍സെടുത്ത കോലിയുടെ ബാറ്റിലും പാഡിലുമായി കൊണ്ട പന്തിലാണ് ഡിആര്‍എസില്‍ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചത് എന്നതാണ് വിവാദത്തിന് കാരണമായത്. കോലി മടങ്ങിയതിന് പിന്നാലെ ശ്രീകര്‍ ഭരതിനെ(6) സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ റണ്‍സിലെത്തിച്ചു.
കൂട്ടത്തകര്‍ച്ചക്ക് വഴിമരുന്നിട്ട് ലിയോണ്‍
രണ്ടാം ദിനം തുടക്കത്തില്‍ ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. പാറ്റ് കമിന്‍സിനെയും മാത്യു കുനെമാനെയും ആത്മവിശ്വാസത്തോടെ രോഹിത്തും രാഹുലും നേരിട്ടപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് അടിത്തറയിടുമെന്ന് കരുതി. എന്നാല്‍ കുനെമാനെതിരെ സിക്സടിച്ച് രാഹുല്‍ പ്രതീക്ഷ നല്‍കിയതിന് പിന്നാലെ വീണു. നേഥന്‍ ലിയോണിന്‍റെ വരവാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. രാഹുലിനെ(17) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ലിയോണ്‍ പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(32) മിഡില്‍ സ്റ്റംപിളക്കി.
രോഹിത്തിനെ പുറത്താക്കിയ അതേ ഓവറില്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെയും വീഴ്ത്തി ലിയോണ്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. പിന്നാലെ ലിയോണിന്‍റെ നിരുപദ്രവകരമായൊരു പന്തില്‍ ശ്രേയസിനെ ഷോര്‍ട്ട് ലെഗ്ഗില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോംബ് അവിശ്വസനീയമായി കൈയിലൊതുക്കി. ഇതോടെ 46-0ല്‍ നിന്ന് ഇന്ത്യ 54-3ലേക്കും 66-4ലേക്കും ഇന്ത്യ വീണു. പിന്നീടായിരുന്നു ജഡേജയുടെയും കോലിയുടെയും രക്ഷാപ്രവര്‍ത്തനം.
