വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ചില വ്യക്തിഗത നേടങ്ങള്‍ക്ക് അരികിലാണ് ഇന്ത്യയുടെ നായകനും ഉപനായകനും. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ചുകളെന്ന റെക്കോഡാണ് ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സ് മറികടക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ.

12 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് കോലിയുടെ പേരിലുള്ളത്്. ഒന്ന് കൂടെ നേടിയാല്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങളെന്ന് റെക്കോഡ് കോലിക്ക് സ്വന്തമാക്കാം. അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിയെയാണ് കോലി മറികടക്കുക. ഈ പരമ്പരയില്‍ തന്നെ കോലി റെക്കോഡ് മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

ഓപ്പണറെന്ന നിലയില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 9937 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 216 ഇന്നിങ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് 10,000 ക്ലബിലെത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ന്യൂസിലന്‍ഡില്‍ കന്നി ടി20 പരമ്പര കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.