രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (RCB vs SRH) നേരിടും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകീട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സിനെ (KKR vs GT) നേരിടും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആറ് കളിയില്‍ അഞ്ചിലും ജയിച്ച ഗുജറാത്തിന് 10 പോയിന്റുണ്ട്. ഏഴ് കളിയില്‍ മൂന്ന് ജയവും നാല് തോല്‍വിയുമായി ആറ് പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.

രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (RCB vs SRH) നേരിടും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. വിജയക്കുതിപ്പ് നടത്തുന്ന ടീമുകളാണ് രണ്ടും. മോശം തുടക്കത്തിന് ശേഷം തുടര്‍ച്ചയായ നാല് ജയങ്ങളുമായി ഉദിച്ചുയര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന 5 കളിയില്‍ നാലിലും ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

താരലേലത്തിന് പിന്നാലെയുയര്‍ന്ന വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി ഗുജറാത്ത്, ചെന്നൈ, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകളെ വീഴ്ത്തിക്കഴിഞ്ഞു വില്ല്യംസണിന്റെ ഹൈദരാബാദ്. വിവിധ മത്സരങ്ങളില്‍ വ്യത്യസ്ത വിജയശില്‍പ്പികള്‍. നിക്കോളാസ് പുരാനും നായകന്‍ വില്ല്യംസനും കൂടി തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്നാല്‍ കരുത്ത് കൂടും. 

നായകന്‍ ഫാഫ് ഡുപ്ലെസി നല്‍കുന്ന തകര്‍പ്പന്‍ തുടക്കവും ദിനേശ് കാര്‍ത്തിക്കിന്റെ മിന്നും ഫിനിഷിംഗുമാണ് മുന്നേറ്റത്തിന്റെ സവിശേഷത. ഏഴ് കളിയില്‍ 119 റണ്‍സ് മാത്രം നേടിയ വിരാട് കോലി നായകപദവി ഒഴിഞ്ഞപ്പോഴുയര്‍ത്തിയ പ്രതീക്ഷയുടെ അടുത്തെത്തിയിട്ടില്ല. 

ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്ന ജോഷ് ഹെയ്‌സല്‍വുഡ് ആര്‍സിബി ജേഴ്‌സിയിലും ഫോമിലെത്തിയത് ബൗളിംഗിന്റെ മുഖഛായ മാറ്റിക്കഴിഞ്ഞു. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഹൈദരാബാദിന് നേരിയ മേല്‍ക്കൈയുണ്ട്.