സഞ്ജുവിന്‍റെ കാര്യത്തില്‍ അവരെന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഒരു കളിയില്‍ അവന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു, മറ്റൊരു മത്സരത്തില്‍ നാലിലും ആറിലും ഏഴിലും അല്ലെങ്കില്‍ എട്ടാം നമ്പറിലുമെല്ലാം ബാറ്റിംഗിന് അയക്കുന്നു.

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിച്ചതില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിനെ സ്ഥാനം മാറ്റി മാറ്റി കളിപ്പിച്ച് കരിയര്‍ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശ്രീകാന്ത് യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ തുടക്കത്തിലെ ശുഭ്മാന്‍ ഗില്‍ പുറത്തായപ്പോള്‍ സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറക്കിയിരുന്നു. എന്നാല്‍ സഞ്ജുവിന് നാലു പന്തില്‍ രണ്ട് റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. ഈ പശ്ചാത്തലത്തിലാണ് ശ്രീകാന്ത് രൂക്ഷവിമര്‍ശനവുമായി എത്തിയത്.

സഞ്ജുവിന്‍റെ കാര്യത്തില്‍ അവരെന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഒരു കളിയില്‍ അവന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു, മറ്റൊരു മത്സരത്തില്‍ നാലിലും ആറിലും ഏഴിലും അല്ലെങ്കില്‍ എട്ടാം നമ്പറിലുമെല്ലാം ബാറ്റിംഗിന് അയക്കുന്നു. കഴിഞ്ഞ മത്സരത്തിലാകട്ടെ മൂന്നാം നമ്പറിലും. അത് ശരിയല്ല, ഓരോ കളിക്കാരനും സ്ഥിരമായി കളിക്കാന്‍ ഒരു പൊസിഷന്‍ ഉണ്ടായിരിക്കണം. അങ്ങനെയുണ്ടെങ്കില്‍ മാത്രമെ അയാള്‍ക്ക് ടീമിലെ തന്‍റെ റോളിനെക്കുറിച്ച് വ്യക്തത ഉണ്ടാകു, മാനസികമായി തയാറെടുക്കാനും കഴിയു. അല്ലാതെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റി മാറ്റി കളിപ്പിച്ചാല്‍ അത് സഞ്ജുവിന്‍റെ ആത്മവിശ്വാസം തകര്‍ക്കാനെ ഉപകരിക്കു. അത് ശരിയല്ലെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ പറഞ്ഞു.

രണ്ടാം ടി20യില്‍ ജോഷ് ഹേസല്‍വുഡ് സ്വിംഗുകൊണ്ടും ബൗണ്‍സ് കൊണ്ടും ഇന്ത്യൻ ബാറ്റര്‍മാരെ വിറപ്പിച്ചപ്പോഴാണ് ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ സഞ്ജു ക്രീസിലെത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടിവരുമെന്ന് സഞ്ജു ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. അവന്‍ പാഡ് പോലും ധരിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ പന്ത് അസാധരണായി സ്വിംഗ് ചെയ്യുന്നത് കണ്ടതോടെ അവര്‍ തിടുക്കത്തില്‍ സഞ്ജുവിനെ ക്രീസിലേക്ക് അയച്ചു. അതെങ്ങനെയാണ് സാധ്യമാകുക. മാനസികമായി അതിന് ഒരു ബാറ്റര്‍ ഒരിക്കലും തയാറായിട്ടുണ്ടാകില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

160-170 റണ്‍സെടുത്തിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്ന കളിയായിരുന്നു രണ്ടാം ടി20യെന്ന് മുന്‍ ഇന്ത്യൻ താരം സദഗോപന്‍ രമേഷ് പറഞ്ഞു. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറിലെ കസേരകളിയാണ് എല്ലാം കുളമാക്കിയതെന്നും കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങി പുറത്താവാതെ നിന്ന സൂര്യകുമാര്‍ യാദവ് എന്തുകൊണ്ടാണ് ഈ കളിയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാതിരുന്നതെന്നും സദഗോപന്‍ രമേഷ് ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക