120-2 എന്ന മികച്ച നിലയില്‍ നിന്ന് 14 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് കൂടി നഷ്ടമാക്കി 134-6ലേക്ക് കൂപ്പുകുത്തിയെങ്കിലും ഫഹീം അഷ്റഫും ഉസ്മാന്‍ ഖാനും ചേര്‍ന്ന് പാകിസ്ഥാനെ വിജയവര കടത്തി.
ലാഹോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി പാകിസ്ഥാന്‍. ഇന്നലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലു വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍റെ ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പര പാകിസ്ഥാന്‍ 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തപ്പോള്‍ ബാബര്‍ അസമിന്‍റെ അര്‍ധസെഞ്ചുറി കരുത്തില്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. 68 റണ്‍സെടുത്ത ബാബറാണ് പാകിസ്ഥാന്‍റെ വിജയശില്‍പി.
33 റൺസെടുത്ത ക്യാപ്റ്റൻ സല്‍മാന്‍ ആഗയും പാക് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 120-2 എന്ന മികച്ച നിലയില്‍ നിന്ന് 14 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് കൂടി നഷ്ടമാക്കി 134-6ലേക്ക് കൂപ്പുകുത്തിയെങ്കിലും ഫഹീം അഷ്റഫും(4*), ഉസ്മാന്‍ ഖാനും(6*) ചേര്‍ന്ന് പാകിസ്ഥാനെ വിജയവര കടത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി 34 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്കസും 30 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷും 29 റണ്‍സെടുത്ത ക്യാപ്റ്റൻ ഡൊണോവന്‍ ഫേരേരയും 21 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും മാത്രമാണ് പൊരുതിയത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു.
അര്‍ധസെഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന വിരാട് കോലിയുടെ റെക്കോര്‍ഡ് ബാബര്‍ അസം മറികടന്നിരുന്നു. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബാബര്‍ 47 പന്തിലാണ് 68 റണ്‍സെടുത്തത്. ടി20 കരിയറില്‍ ബാബറിന്‍റെ 37-ാം അര്‍ധസെഞ്ചുറിയാണിത്. 37 അര്‍ധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളുമാണ് ബാബറിന്‍റെ പേരിലുളളത്. 38 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് കോലി നേടിയത്. ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ടി20 ടീമില്‍ തിരിച്ചെത്തിയ ബാബര്‍ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്ന ബാബര്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്ററെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് മറികടന്ന ബാബര്‍ മൂന്നാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി കോലിയെയും പിന്നിലാക്കി.


